കോഴിക്കോട്: വടകരയിലെ മിന്നും വിജയത്തിനുശേഷം ഷാഫി പറമ്പിൽ നേരെപോയത് രാഷ്ട്രീയ ഗുരുനാഥനായ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറയിലേക്കാണ്. അവിടെ ശിരസ്സുനമിച്ച് പ്രാർത്ഥിച്ചു. ഷാഫി കേരളകൗമുദിയുമായി സംസാരിക്കുന്നു.
വടകരയിലെ വിജയത്തെക്കുറിച്ച്?
വിജയം വടകരയിലെ ജനങ്ങൾക്കും മുന്നണിക്കും സമർപ്പിക്കുന്നു. വടകരയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ വിജയമാണിത്. ഏറെ വൈകിയിറങ്ങിയിട്ടും തന്നെ കൈവിടാതിരുന്ന ജനതയെ ഇനി താനും കൈവിടില്ല. നെഞ്ചോട് ചേർത്തു പിടിക്കും.
ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുണ്ടായല്ലോ?
കേരളത്തിൽ ഇത്രയും വിവാദങ്ങളിലൂടെ കടന്നുപോയ മണ്ഡലം വേറയുണ്ടാവില്ല. രാഷ്ട്രീയപോരിനപ്പുറത്ത് വിവാദങ്ങൾ തിരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും ഏറ്റുമുട്ടി. എന്നാൽ, വടകരയുടെ രാഷ്ട്രീയ പ്രബുദ്ധത അതിനെയെല്ലാം തള്ളിക്കളഞ്ഞു. ജയത്തേയും പരാജയത്തേയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞ വടകരയുടെ മനസ് വലുതാണ്.
അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തു കൂടിയാണ് സംഭവിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ ദേഹത്തുവീണ 51 വെട്ടിനെ മറക്കാൻ വടകരയ്ക്ക് ഒരുകാലത്തും കഴിയില്ല.
വ്യക്തിപരമായ അധിക്ഷേപംവരെ ഉണ്ടായല്ലോ?
ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളാണ് അതെല്ലാം. ഞാൻ വടകരയിൽ കാലുകുത്തിയതിന്റെ പിറ്റേദിവസം ഒരു ഡി.വൈ.എഫ്.ഐ നേതാവിന്റെ പോസ്റ്റുവന്നു. എന്റെ പേരും മതവും ചേർത്തുള്ളതായിരുന്നു. മതത്തിനും ജാതിക്കുമെതിരെ പോരാടുന്ന ഒരുപാർട്ടിക്ക് എങ്ങനെ ഇതൊക്കെ കഴിയുന്നു. പിന്നീട് നിരവധി ആക്ഷേപങ്ങളുണ്ടായി. ഒടുവിലാണ് കാഫിർ വിളി. അതെല്ലാം ജനം രാഷ്ട്രീയഭേദമന്യേ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് സി.പി.എമ്മിന്റെ തലശ്ശേരി, കൂത്തുപറമ്പ് കോട്ടകൾപോലും തനിക്ക് അനുകൂലമായത്. പിന്നെ ശൈലജ ടീച്ചറെ അപമാനിച്ചെന്നത്. ഇതുവരെ അത്തരമൊരു പോസ്റ്റ് താനോ പാർട്ടിക്കാരോ കണ്ടിട്ടില്ല. ടീച്ചർപോലും കണ്ടിട്ടില്ല.
തിരിച്ചും വർഗീയത പ്രചരിപ്പിച്ചെന്ന് ആക്ഷേപമുണ്ടായല്ലോ?
എനിക്കെതിരെ എന്ത് വിമർശനവും ആവാം. എന്നാൽ, ദയവു ചെയ്ത് വർഗീയവാദിയെന്ന് വിളിക്കരുത്. എന്ത് വർഗീയതയാണ് ഞാനും പാർട്ടിയും പ്രചരിപ്പിച്ചത്. ജാതി,മത കാർഡിറക്കി വോട്ടുപിടിക്കാൻ ഞാൻ ശീലിച്ചിട്ടില്ല. അവർ നിരത്തിയതെല്ലാം ഉണ്ടയില്ലാ വെടികളായി.
കെ.മുരളീധരൻ ബലിയാടായി എന്ന തോന്നലുണ്ടോ?
അങ്ങനെ പറയരുത്. പാലക്കാടിന്റെ എം.എൽ.എയായ ഞാൻ ഇത്തവണ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ തീരുമാനിച്ചതല്ല. പാർട്ടി പറഞ്ഞു, ഏറ്റെടുത്തു. മുരളിയേട്ടനോട് തൃശ്ശൂരിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ആ വെല്ലുവിളി ഒരുമടിയും കൂടാതെ ഏറ്റെടുത്തതാണ് ഒരുപക്ഷേ കേരളത്തിലെ മറ്റുമണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് നേടിയ മിന്നും വിജയത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |