പാലക്കാട്: 'ഇവിടെ ഷാഫി പറമ്പിലെ വിജയിക്കുകയുള്ളൂ' പാലക്കാട് തിരഞ്ഞെടുപ്പിൽ ആർക്കാണ് സാദ്ധ്യതയെന്ന ചോദിച്ചപ്പോൾ സുൽത്താൻപേട്ടിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഫൈസൽ എന്നയാൾ നൽകിയ മറുപടിയാണിത്. പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആണെങ്കിലും താരം മുൻ എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിൽ തന്നെയാണ്. പ്രവർത്തകർക്കിടയിലും കോൺഗ്രസ് അനുഭാവികൾക്കിടയിലും അതാണ് ഗ്രൗണ്ട് റിയാലിറ്റി.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഷാഫി പറമ്പിൽ എത്തുമ്പോൾതന്നെ സെൽഫിയെടുക്കാനും ഒപ്പം നിന്ന് ചിത്രം പകർത്താനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ തിക്കും തിരക്കുമാണ്. മറ്റ് രണ്ട് മുന്നണികളുടെ സ്ഥാനാർത്ഥികളെ അപേക്ഷിച്ച് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന നേരിയ മുൻതൂക്കവും ഷാഫിയുടെ സാന്നിദ്ധ്യമാണ്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതലുള്ള കോൺഗ്രസിലെ പൊട്ടിത്തെറി നിലവിൽ പ്രകടമല്ലെങ്കിലും അടിയൊഴുക്കുകൾ നിലച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ ഷാഫിക്കുള്ള ജനകീയത രാഹുലിന് വോട്ടാകുമോയെന്നും അടിയൊഴുക്കുകളെ മറികടക്കാൻ കഴിയുമോ എന്നുള്ളതുമാണ് ഇനി അറിയാനുള്ളത്.
ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി എന്ന പരിഗണന രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ പ്രചാരണത്തിന് ഷാഫി പറമ്പിൽ ഒപ്പമുള്ളപ്പോൾ രാഹുലിന് അത് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. പാലക്കാടിന്റെ പ്രശ്നങ്ങളിൽ ഒപ്പം നിന്നതിനും മണ്ഡലത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തതിനും ജനങ്ങൾ നൽകുന്ന സ്‌നേഹമാണ് ഷാഫിയുടെ സ്വീകാര്യതയെന്നാണ് കോൺഗ്രസ് പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ സാഹചര്യത്തിൽ ജനങ്ങൾക്ക് വിയോജിപ്പുണ്ട്. വടകര വിജയിക്കാൻ ബിജെപി രണ്ടാം സ്ഥാനത്തുള്ള വെറും 3000 വോട്ടിന്റെ മാത്രം ഭൂരിപക്ഷമുള്ള ഒരു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുത്തിവച്ചതാണെന്നും ബിജെപിക്ക് ജയിക്കാൻ അവസരമുണ്ടാക്കിയെന്നും ആരോപണമുണ്ട്. അതോടൊപ്പം ഷാഫി പറമ്പിൽ സ്റ്റാർ ക്യാമ്പയിനറാണെന്ന് പറയുമ്പോൾ തന്നെ രാഹുലിന് സ്വീകാര്യത സ്വന്തം പാർട്ടിയിൽ പോലുമില്ലാത്തതിനാലാണ് ഷാഫിക്ക് മണ്ഡലത്തിൽ കൊണ്ടുനടന്ന് പരിചയപ്പെടുത്തേണ്ട അവസ്ഥ വന്നതെന്നാണ് ബിജെപിയും സിപിഎമ്മും പരിഹസിക്കുന്നത്.
ഇയാളെ നിങ്ങൾ വിജയിപ്പിക്കണം, ഞാൻ ഉഷാറാക്കി എടുത്തോളാമെന്ന് പറഞ്ഞാൽ അത് ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നാണ് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി.സരിൻ കേരളകൗമുദിയോട് പ്രതികരിച്ചത്. സ്വന്തമായി വ്യക്തിത്വമുള്ള ഒരാളെയാണ് പാലക്കാട് മണ്ഡലത്തിന് ആവശ്യമെന്നും സരിൻ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |