വർക്കല: മറ്റു വിഭാഗങ്ങൾ പേരു നോക്കി വോട്ടു ചെയ്യുമ്പോൾ ചിഹ്നം നോക്കി വോട്ടു ചെയ്തതാണ് ഈഴവ സമുദായത്തിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശിവഗിരി, ആറ്റിങ്ങൽ, ചിറയിൻകീഴ് യൂണിയനുകളിലെ യോഗം ശാഖാ നേതൃത്വസംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്താൻ മുന്നണികൾ ഈഴവ സമുദായത്തെ ഏണിപ്പടിയാക്കും. അധികാരത്തിലെത്തിയാൽ പിന്നെ അവഗണനയാണ്. സാമുദായിക ശക്തി സമാഹരിച്ച് സാമൂഹിക നീതിക്കായി പോരാടണം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമുദായത്തിന് കിട്ടിയേ തീരൂ. ജാതി പറയുന്നത് അപമാനമല്ല, അഭിമാനമായി കാണണം.
വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന സമരമായിട്ടാണ് വൈക്കം സത്യഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ആ സമരത്തിന്റെ സത്യംവിളിച്ച് പറഞ്ഞ ഒരാൾ പിണറായി വിജയനാണ്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി പരിപാടിയിൽ. ശ്രീനാരായണഗുരുദേവനെ വഴി തടഞ്ഞതിന്റെ പേരിലായിരുന്നു യഥാർത്ഥത്തിൽ സമരം തുടങ്ങിയത്. മഹാനായ ടി.കെ. മാധവൻ ഗാന്ധിജിയെ പോയി കണ്ട് കോൺഗ്രസിനെക്കൊണ്ട് സമരം ഏറ്റെടുപ്പിച്ചു.
ശബരിമലയിൽ ഭരണം നടത്തിയവർ ഇഷ്ടം പോലെ കക്കുകയാണ്. ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കുമല്ലോ. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞു നടക്കുകയാണ് ചിലർ. ഒരാക്ഷേപവും കേൾപ്പിക്കാതെ എല്ലാവരോടും മാന്യമായും സമഭാവനയോടെയും പെരുമാറുന്ന ജനകീയ മന്ത്രിയാണ് വാസവൻ.
ഇപ്പോൾ ഷാഫി പോയി തല്ലു വാങ്ങിയത് അടുത്ത മുഖ്യനാവാനാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ ഈ സമരം ഇങ്ങനെ പോകും. ലീഗ് അധികാരത്തിൽ വരാതിരിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാണ്.
അവരവരുടെ രാഷ്ട്രീയ വിശ്വാസം കളയാതെ തന്നെ അധികാരസ്ഥാനങ്ങൾ കണക്ക് പറഞ്ഞ് വാങ്ങാൻ ശ്രമിക്കണം. എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻ കാലചരിത്രം മറക്കാതെ നഷ്ടപ്പെട്ടത് നേടിയെടുക്കാനും സാമൂഹികനീതി കിട്ടാനുമുള്ള പോരാട്ടമാണ് നടത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വർക്കല വട്ടപ്ളാമൂട് മൂകാംബിക ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |