കൊച്ചി: രണ്ടര വയസിൽ പോളിയോ ബാധിച്ച് ഇടതുകാൽ തളർന്ന റിട്ട. അദ്ധ്യാപിക രത്‌നം 68-ാം വയസിലും വിശ്രമമില്ലാതെ ക്യാൻസർ ബാധിതരായ സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്നു. ക്യാൻസർ ബാധിച്ച് മാറിടങ്ങൾ നീക്കം ചെയ്യേണ്ടി വന്നവർക്കായി ചുരുങ്ങിയ ചെലവിൽ കൃത്രിമ മാറിടങ്ങൾ (പ്രോസ്തസിസ്/ നോക്കേഴ്‌സ് ) നിർമ്മിച്ചു നൽകുകയാണ് രത്നം.
സ്‌പോഞ്ചിൽ തയ്യാറാക്കുന്ന കൃത്രിമ ബ്രാകളും കൃത്രിമ മാറിടങ്ങളും മൂലം പലർക്കും അലർജി പോലുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇതിന് പ്രതിവിധിയാണ് രത്‌നം ടീച്ചർ സിന്തറ്റിക് കോട്ടണിൽ നെയ്‌തെടുക്കുന്ന മാറിടങ്ങൾ.
സിന്തറ്റിക് കോട്ടൺ നൂലിൽ സ്തന രൂപം കൈകൊണ്ട് തുന്നിയശേഷം അതിനുള്ളിൽ പഞ്ഞിക്ക് സമാനായ സിന്തറ്റിക് കോട്ടൺ തന്നെ നിറച്ചാണ് നിർമ്മാണം. ബ്രായുടെ ഉള്ളിൽ ഇതുവച്ച് ഉപയോഗിക്കാം. 1,500 രൂപ വരെയാണ് വില. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി നൽകും. ഒരെണ്ണം തയ്യാറാക്കാൻ ഒന്നര ദിവസമെടുക്കും.
കമ്പിളി നൂലിൽ വിവിധ രൂപങ്ങൾ നെയ്യുന്ന രത്‌നത്തോട് തൃശൂർ അമല ക്യാൻസർ റിസർച്ച് സെന്ററാണ് കൃത്രിമ മാറിടങ്ങൾ നിർമ്മിക്കാമോ എന്ന് ചോദിച്ചത്. തുടർന്ന് കേട്ടറിഞ്ഞു പോലും പരിചയമില്ലാത്ത ഇതിന്റെ നിർമ്മാണം ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ മറ്റു സ്ഥാപനങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്.
പോരാട്ടം ജീവിതം
വീൽച്ചെയറിലെ ജീവിതത്തിലും തളരാതെ ഡിഗ്രിയും ബി.എഡും പാസായെങ്കിലും വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അദ്ധ്യാപക നിയമനം ലഭിച്ചത്. 2002ൽ 45-ാം വയസിൽ ചേർപ്പ് ഗവ.എച്ച്.എസ്.എസിലാണ് അദ്ധ്യാപികയായി ജോലി ലഭിച്ചത്. ഇതിനിടെ ഏകമകളായ രചന രാജിന്റെ വിവാഹം കഴിഞ്ഞു. 2010ൽ ഭർത്താവ് പി.സി.രാജൻ മരിച്ചു. 2011ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗോൾഡൻ മദർ പുരസ്‌കാരവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |