SignIn
Kerala Kaumudi Online
Thursday, 19 February 2026 5.44 AM IST

മുനമ്പം ആയുധമാക്കാൻ ബി.ജെ.പി: തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യം 5000 വാർഡ്

Increase Font Size Decrease Font Size Print Page
bjp

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് പിടിവള്ളിയാക്കാൻ ബി.ജെ.പി. മുനമ്പത്ത് കുടിയിറക്കപ്പെടലിൽ നിന്ന് 600 പേർക്ക് സംരക്ഷണം ഒരുക്കിയതിന്റെ ജനകീയ വിശ്വാസ്യതയുമായി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.

ഒപ്പം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശവും, എമ്പുരാൻ സിനിമയുണ്ടാക്കിയ ഷാഡോ വിജയവും പാർട്ടിക്ക് ആത്മവിശ്വാസം പകരുന്നു.

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായുള്ള 21,865 വാർഡുകളിൽ 1400ലധികം അംഗങ്ങളാണ് ബി.ജെ.പിയ്‌ക്കുള്ളത്. പാലക്കാട്, പന്തളം മുനിസിപ്പാലിറ്റികളുൾപ്പെടെ 22 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ മുഖ്യപ്രതിപക്ഷമാണ്.ലോക്സഭാ തിരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാപനത്തും, പതിനെട്ടിടത്ത് രണ്ടാമതുമെത്തിയിരുന്നു.

ഇടതു മുന്നണിക്കെതിരായ വോട്ട് ഭിന്നിക്കുമ്പോൾ കൂടുതൽ വിഹിതം കിട്ടുന്നത് യു.ഡി.എഫിനാണ്. ക്രിസ്ത്യൻ വിഭാഗത്തെ ഒരു പരിധി വരെ കൂടെ നിറുത്താനായാണ് തൃശൂരിൽ ബി.ജെ.പി വിജയിച്ചത്. മുനമ്പം വിഷയം വിജയമാക്കുന്നതിലൂടെ ക്രിസ്ത്യൻ വിഭാഗത്തിലെ വിശ്വാസ്യത ഉറപ്പിക്കാനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

 വേരുറപ്പിക്കാൻ വൻ റാലികൾ

മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ അകപ്പെട്ടവരിൽ 90 ശതമാനവും ക്രിസ്ത്യൻ വിഭാഗക്കാരാണ്. ഇടതു മുന്നണിക്കും യു.ഡി.എഫിനും മുസ്ലിം പക്ഷപാത സമീപനമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചത്. ഒപ്പം തങ്ങൾ മനസ് വച്ചാൽ ക്രിസ്ത്യൻ വിഭാഗത്തിന് നീതി ലഭ്യമാക്കാൻ

കഴിയുമെന്ന് തെളിയിക്കാനായതും പാർട്ടിക്ക് നേട്ടമായി. ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗമെങ്കിലും കൂടെ നിന്നാൽ കൂടുതൽ രാഷ്ട്രീയ വിജയം നേടാമെമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതിനായി മുനമ്പം പ്രശ്നത്തിൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് വൻ റാലികൾ നടത്താനൊരുങ്ങുകയാണ് ബി.ജെ.പി. ക്രൈസ്തവ സമുദായ നേതാക്കളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തും. പി.സി. ജോർജ്, ഷോൺ ജോർജ്, അനിൽ ആന്റണി തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യവും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലും അനുകൂല സാഹചര്യമൊരുക്കുമെന്നും ബിജെ.പി കണക്കു കൂട്ടുന്നു.

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY