
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ വരെ എൻ.ഡി.എ വിജയിക്കുമെന്ന് വിലയിരുത്തി ബി.ജെ.പി. നേമം, കഴക്കൂട്ടം, ചാത്തന്നൂർ, കുന്നത്തുനാട്, തൃശൂർ, മണലൂർ, നാട്ടിക, മലമ്പുഴ, പാലക്കാട്, കാസർകോട്, മഞ്ചേശ്വരം തുടങ്ങിയ ഇടങ്ങളിലാണ് മുന്നണിയുടെ വിജയ പ്രതീക്ഷ. കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ.
മുന്നണിയുടെ വിജയ സാദ്ധ്യത പഠിക്കാൻ നിയോഗിച്ച ഏജൻസി മൂന്നു മുതൽ എട്ട് സീറ്റുകളിൽ വരെ വിജയം പ്രവചിക്കുന്നു. 140 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ 9 മണ്ഡലങ്ങൾ, തദ്ദേശ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നാമതോ,രണ്ടാമതോ എത്താനായ മണ്ഡലങ്ങൾ, 35000ത്തിലേറെ വോട്ടുകൾ നേടിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെയടക്കം പ്രകടനം വിലയിരുത്തിയാണ് വിജയസാദ്ധ്യത കണക്കുകൂട്ടിയത്.
നേമത്തും കഴക്കൂട്ടത്തും ഭരണവിരുദ്ധ വികാരം പൂർണമായും എൻ.ഡി.എയ്ക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ. ബി.ജെ.പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സി.പി.എം- കോൺഗ്രസ് ഒത്തുകളി മൂലമുണ്ടാകാനിടയുള്ള ബി.ജെ.പി വിരുദ്ധ വോട്ടുകളും ഇതിലൂടെ മറികടക്കാനായെന്നാണ് കണക്കുകൂട്ടൽ. മഞ്ചേശ്വരത്ത് എസ്.ഐ.ആറിലൂടെ വോട്ടെണ്ണം കുറഞ്ഞിട്ടുണ്ട്. അവിടെ പോളിംഗ് 81%ലധികമാണ്. മുൻകാലങ്ങളിൽ നിസാര വോട്ടിനാണ് പരാജയപ്പെട്ടത്. ഇക്കുറി വിജയിച്ചു കയറാനാകുമെന്നാണ് പ്രതീക്ഷ.
പ്രകടനം വിലയിരുത്താൻ സമിതി
കഴിഞ്ഞ ദിവസം ഒാൺലൈനായി ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക വിലയിരുത്തൽ നടത്തിയത്. മുഴുവൻ മണ്ഡലങ്ങളിലും പാർട്ടി സംവിധാനങ്ങളുടെ പ്രകടനം, വീഴ്ചകൾ തുടങ്ങിയവ വിലയിരുത്താൻ രണ്ടു വീതം കോർ കമ്മിറ്റി അംഗങ്ങളും സംസ്ഥാന സമിതിയംഗങ്ങളും ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി. ഈ മാസം 30നകം സമിതി റിപ്പോർട്ട് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |