കൊല്ലം: പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ആരോഗ്യം വീണ്ടെടുക്കുന്നതിന് മഴക്കാലപൂർവ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് തുടക്കം കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. മഴക്കാലത്തെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും രോഗങ്ങൾ പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.
മേയ് മാസം മുഴുവൻ പരിശോധന തുടരും. 11 സർക്കിളുകളിലായി അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് രാവിലെയും വൈകിട്ടുമാണ് പരിശോധന, ശീതളപാനീയങ്ങൾ വിൽക്കുന്ന ചെറുതും വലുതുമായ കടകൾ, ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പടെയുള്ള തെരുവ് കച്ചവട സ്ഥാപനങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ വിൽപ്പന കേന്ദ്രങ്ങൾ, കേക്ക് നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങി ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ചാണ് പരിശോധന.
ഇതോടൊപ്പം ഷവർമ്മ നിർമ്മാണ വില്പന കേന്ദ്രങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി 84 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ ഒരു സ്ഥാപനത്തിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി. മൂന്ന് സ്ഥാപനത്തിന് പിഴ ചുമത്തി. ഒൻപത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 16 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
മഴക്കാലം കരുതലോടെ മറികടക്കാം
വ്യാപാരികൾ ലൈസൻസ്/ രജിസ്ട്രഷൻ എടുത്തിരിക്കണം
വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം
ഭക്ഷണവസ്തുക്കൾ സ്റ്റോർ റൂമിൽ കരുതണം
സ്ഥാപനത്തിൽ എലി മറ്റ് ക്ഷുദ്രജീവികൾ കടക്കരുത്
കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ കരുതണം
ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം
പാകം ചെയ്ത ഭക്ഷണം വയ്ക്കേണ്ടത് വൃത്തിയുള്ള അന്തരീക്ഷത്തിൽ
ശുചിത്വമുള്ള ചുറ്റുപാടിൽ ഭക്ഷണം നൽകണം
മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്
പാഴ്‌സലുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണം
പരിശോധന - 84 സ്ഥാപനങ്ങളിൽ
പിഴ - 3 ഇടങ്ങളിൽ
സാമ്പിൾ പരിശോധ-16
നോട്ടീസ്- 9 സ്ഥാപനങ്ങൾക്ക്
മഴക്കാലപൂർവ പരിശോധനകൾ ആരംഭിച്ചു. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കും.- ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |