SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.06 PM IST

കേരളത്തിലും ഗള്‍ഫിലും വന്‍ വ്യവസായങ്ങള്‍, സാധാരണക്കാരനില്‍ നിന്ന് കോടീശ്വരനായ ബില്‍ഡറായി മാറിയ ജീവിതം

Increase Font Size Decrease Font Size Print Page
cj-roy

ബംഗളൂരു: റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടേത്. ബംഗളൂരുവിലെ സ്വന്തം കോര്‍പ്പറേറ്റ് ഓഫീസില്‍ സ്വയം വെടിയുതിര്‍ത്ത് അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ബിസിനസ് രംഗത്ത് സജീവമായി തന്നെ നില്‍ക്കുമ്പോഴാണ് 56കാരന്റെ അപ്രതീക്ഷിത വിയോഗം. ഒരു സാധാരണക്കാരനായി തുടങ്ങി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സ്വന്തം പേര് എഴുതിചേര്‍ക്കാന്‍ സിജെ റോയിക്ക് കഴിഞ്ഞിരുന്നു.

കേരളത്തിലും, ബംഗളൂരുവിലും ഗള്‍ഫിലുമായി വന്‍ നിക്ഷേപങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഈ മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നേടിയെടുത്തത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന ട്രെന്‍ഡുകളും ദീര്‍ഘവീക്ഷണവുമാണ് സി.ജെ റോയി എന്ന വ്യവസായിയെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉന്നതങ്ങളിലെത്തിച്ചത്. ദക്ഷിണേന്ത്യയിലെ വിവധ നഗരങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്.

കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. സാധാരണ ബിള്‍ഡര്‍മാരുടെ ചിന്തയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കാന്‍ റോയിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കടബാദ്ധ്യതകളില്‍ പെടാതെ കമ്പനി മുന്നോട്ട് പോകുകയും ചെയ്തു. ഈ മേഖലയില്‍ പരമപ്രധാനമായ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.

200ന് അടുത്ത് വന്‍കിട പ്രോജക്റ്റുകളിലായി 15,000ല്‍ അധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ഗ്രൂപ്പ് സാന്നിദ്ധ്യമറിയിച്ചു. കേരളത്തില്‍ നിരവധി റിയാലിറ്റി ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായിരുന്നു റോയിയുടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്.

സിനിമാ നിര്‍മാണ മേഖലയിലും അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചു. നാല് മലയാള സിനിമകള്‍ നിര്‍മിച്ചു. കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിദ്ധ്യം അറിയിച്ച വ്യക്തിയായിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.

TAGS: CJ ROY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY