
കൊച്ചി: പരിശോധനയുടെ പേരിൽ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്നും ആത്മഹത്യയുടെ കാരണം പ്രത്യേക അന്വേഷണസംഘം കണ്ടെത്തുമെന്നും മാനേജിംഗ് ഡയറക്‌ടർ ടി.എ.ജോസഫ് പറഞ്ഞു.
കോൺഫിഡന്റ് ഗ്രൂപ്പിൽ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ ആർക്കും നിക്ഷേപമില്ല. നിക്ഷേപമുണ്ടെന്ന് രേഖാമൂലം തെളിയിച്ചാൽ ഇരട്ടിത്തുക നൽകും. കടരഹിത സ്ഥാപനമാണിത്. കള്ളപ്പണമോ ബിനാമിപ്പണമോ ഇല്ല. ആർക്കും പണം കൊടുക്കാനില്ല. ലഭിക്കാൻ മാത്രമാണുള്ളത്. സിനിമകളിലും വിനോദപരിപാടികളിലും സുതാര്യമായാണ് പണം മുടക്കിയത്. പരമാവധി 20 ലക്ഷം രൂപയാണ് ഈയിനത്തിൽ സഹായം നൽകിയത്.
6-7 വർഷമായി ആദായനികുതി ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ട്. പതിവ് പരിശോധന മാത്രമാണത്. 2016ലും 2025ലും ഓഫീസുകൾ പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥരുമായി സഹകരിച്ചു. ഉദ്യോഗസ്ഥർ മാന്യമായാണ് പ്രവർത്തിച്ചത്. ചെയർമാന്റെ മരണകാരണത്തെപ്പറ്റി പറയാൻ തനിക്ക് കഴിയില്ല. സാമ്പത്തികമോ ശാരീരികമോ കുടുംബപരമോ ആയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. മാനസികസമ്മർദ്ദം നേരിടുന്നതായി പറഞ്ഞിരുന്നില്ല.
സി.ജെ.റോയിയുടെ ഡയറി കണ്ടിട്ടില്ല. കുടുംബാംഗങ്ങൾക്കായി അദ്ദേഹം എഴുതിയ കത്ത് താനാണ് പൊലീസിന് കൈമാറിയത്. കുറിപ്പ് എട്ടു മണിക്കൂർ കൈയിലുണ്ടായിട്ടും താൻ വായിച്ചില്ല. കുടുംബത്തിനായി എഴുതിയത് വായിക്കുന്നത് ശരിയല്ല. ആദായനികുതി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നെന്ന് 2025 ഡിസംബറിൽ നൽകിയ ഹർജി പിൻവലിച്ചിരുന്നു. ഹർജി ആവശ്യമില്ലെന്ന് മനസിലാക്കിയാണ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പിൻവലിച്ചത്. ആദായനികുതി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് റോയിയുടെ സഹോദരൻ പറഞ്ഞത് കാര്യങ്ങൾ അറിയാതെയാണ്. വസ്‌തുതകളില്ലാത്ത കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. അന്വേഷണത്തിൽ താനും കമ്പനിയും തൃപ്‌തരാണ്.
നിർമ്മാണം പുനരാരംഭിച്ചു
ചെയർമാന്റെ സംസ്‌കാരത്തിനുശേഷം മുഴുവൻ പ്രോജക്ടുകളിലും നിർമ്മാണം പുനരാരംഭിച്ചു. യൂണിറ്റുകൾ ബുക്ക് ചെയ്‌തവർ ആശങ്കപ്പെടേണ്ടതില്ല. നിശ്ചിത കാലാവധിയിൽ പദ്ധതികൾ പൂർത്തിയാക്കും. കമ്പനിയുടെ ഭാവി ഭദ്രമാണ്. പ്രശ്‌നങ്ങൾ തരണം ചെയ്‌തു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |