ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിക്ക് (57) നിറക്കണ്ണുകളോടെ യാത്രാമൊഴി. വൻജനാവലിയെ സാക്ഷിയാക്കി ബംഗളൂരു ബന്നാർഘട്ട റോഡ് കൽക്കെരെയിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്സ് കാസ്‌കേഡ് റിസോർട്ടിൽ സംസ്കാരം നടത്തി. റോയിയുടെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തിന്റെ ഇഷ്ട ഇടമായ റിസോർട്ടിൽ സംസ്കാരം നടത്തിയത്.
ബൗറിംഗ് ആശുപത്രി മോർച്ചറിയിൽ നിന്ന് വിലാപയാത്രയായി എത്തിച്ച ഭൗതികശരീരം രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ ഇവിടെ പൊതുദർശനത്തിന് വച്ചു. സമീപത്തെ സെന്റ് ജോസഫ്‌സ് പള്ളിയിൽ അന്ത്യശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാലിനായിരുന്നു സംസ്കാരം. വാഹനപ്രേമിയായിരുന്ന റോയിയുടെ അന്ത്യയാത്രയെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട റോൾസ് റോയ്സ് ഉൾപ്പെടെയുള്ള വാഹനങ്ങളുമായി ജീവനക്കാർ അനുഗമിച്ചു.
അമ്മ ത്രേസ്യക്കുട്ടി, ഭാര്യ ആനി റോയ്, മക്കളായ രോഹിത്, റിയ, സഹോദരൻ സി.ജെ. ബാബു തുടങ്ങിയവർ അന്ത്യചുംബനം നൽകി. കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, സിനിമാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി.കെ.പ്രകാശ് തുടങ്ങിയവരടക്കം ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. റോയിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കോൺഫിഡന്റ് ഗ്രൂപ്പ് നാളെ വൈകിട്ട് നാലിന് വിളിച്ചിരുന്ന വാർത്താസമ്മേളനം മാറ്റി.
സമ്മർദ്ദത്തെക്കുറിച്ച്
പറഞ്ഞിരുന്നില്ല: മകൻ
ബംഗളൂരു: പിതാവിന്റെ മരണം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അതീതമാണെന്ന് സി.ജെ. റോയിയുടെ മകൻ രോഹിത്. പിതാവ് വലിയൊരു മനുഷ്യനായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് തന്നോട് പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ നഷ്ടം വാക്കുകളിലൂടെ വിവരിക്കാനാകില്ല. കുടുംബത്തിന് വലിയ നഷ്ടമാണുണ്ടായത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മാദ്ധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും പറഞ്ഞു.
റോയി എഴുതിയ കുറിപ്പ്
ലഭിച്ചതായി സൂചന
ബംഗളൂരു: സി.ജെ. റോയി എഴുതിയതെന്നു കരുതുന്ന കുറിപ്പ് പൊലീസിന് ലഭിച്ചതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. വൈകാരികമായ ചില കാര്യങ്ങൾ കുറിപ്പിലുണ്ടെന്നാണ് സൂചന. കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, മരണത്തിന് തൊട്ടുമുമ്പ് റോയിയും റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരും തമ്മിൽ വഴക്കോ, തർക്കമോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ട്.
ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെയടക്കം എസ്.ഐ.ടി ചോദ്യം ചെയ്യുന്നുണ്ട്. റോയിയെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആദായ നികുതി ഉദ്യോഗസ്ഥർ. മരണ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലംവിട്ട് പോകരുതെന്ന് എസ്.ഐ.ടി നിർദ്ദേശം നൽകി. റോയിയുടെ മൊബൈൽ ഫോണുകളും പരിശോധിക്കും. മറ്റെവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |