തിരുവനന്തപുരം: പാകിസ്ഥാനുമായി ഏറ്റുമുട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ബഹിരാകാശ യുദ്ധതന്ത്രം പരീക്ഷിച്ചതായി സൂചന.സ്പേഡെക്സ് പദ്ധതിയ്ക്കായി വിക്ഷേപിച്ച ചേസർ,ടാർജറ്റ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശ യുദ്ധത്തിന്റെ ആദ്യപടിയായ ഡോഗ് ഫൈറ്റ് നടത്തുകയായിരുന്നു. ഐ.എസ്.ആർ.ഒ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ശത്രുരാജ്യത്തിന്റെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം തെറ്റിച്ച് ആ രാജ്യത്തിന്റെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ അപ്പാടെ തകടംമറിക്കാൻ കഴിയുന്നതാണ് ബഹിരാകാശത്തെ ഡോഗ് ഫൈറ്റ്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ചെെന ബഹിരാകാശത്ത് ഡോഗ് ഫൈറ്റ് പരീക്ഷിച്ചതായി അമേരിക്ക ആരോപിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കാനും പിന്നീട് വിഘടിപ്പിക്കാനും ഉള്ള പരീക്ഷണങ്ങൾ നടത്തുന്നതിനാണ് 2024ഡിസംബർ 30ന് ചേസർ,ടാർജറ്റ് ഉപഗ്രഹങ്ങൾ ഐ.എസ്. ആർ. ഒ വിക്ഷേപിച്ചത്. അത് വിജയകരമായി നിറവേറ്റുകയും ചെയ്തു. സ്വന്തമായ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് ആ പരീക്ഷണങ്ങൾ നടത്തിയത്.
മണിക്കൂറിൽ 28800കിലോമീറ്റർ വേഗത്തിലാണ് ഭൂമിയിൽ നിന്ന് 500കിലോമീറ്റർ ഉയരത്തിലൂടെ സ്പെയ്ഡക്സ് ഉപഗ്രഹങ്ങളായ ചേസറും ടാർജറ്റും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു ജെറ്റ് വിമാനത്തെക്കാൾ 28ഇരട്ടി വേഗമാണിത് അതിനിടയിലാണ് ഡോഗ് ഫൈറ്റ് നടത്തിയത്.
ദൗത്യത്തിനായി ഓരോ ഉപഗ്രഹത്തിലും അഞ്ച് കിലോഗ്രാമോളം ഇന്ധനം കരുതിയിരുന്നു.ഇനിയും രണ്ടരകിലോയിലേറെ ഇന്ധനം ശേഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
'ഉപഗ്രഹങ്ങൾ തമ്മിൽ, വൈദ്യുതിയും താപോർജ്ജവും കൈമാറുന്നതുൾപ്പെടെയുള്ള പരീക്ഷണങ്ങളാണ് നടത്തുന്നത്. സ്പെഡെക്സ് ദൗത്യത്തിൽ ഡോഗ് ഫൈറ്റ് ഉൾപ്പെടുത്തിയിട്ടില്ല".
- ഐ.എസ്. ആർ. ഒ
ശത്രുരാജ്യത്തെ നിശ്ചലമാക്കും
ഒരു രാജ്യത്തിന്റെ നാവിഗേഷൻ സംവിധാനങ്ങളും മൊബൈൽ ഫോണുകളും ഉപഗ്രഹം വഴിയാണ് നിയന്ത്രിക്കുന്നത്. യുദ്ധവേളകളിൽ അനിവാര്യമായ സാറ്റലൈറ്റ് ഫോണുകളും മിസൈലുകളും അടക്കം ഉപഗ്രഹങ്ങളെ ആശ്രയിച്ചാണ് ഉപയോഗിക്കുന്നത്.
ഉപഗ്രഹത്തിന്റെ ഭ്രമണപഥം അല്പം തെറ്റിച്ചാലോ, തരംഗങ്ങൾ നിർജീവമാക്കിയാലോ എല്ലാം തകിടം മറിയും. അതിനാലാണ് ഇതൊരു ഭാവിയുദ്ധമുറയായി വിലയിരുത്തുന്നത്.
ഉപഗ്രഹങ്ങൾ അതിവേഗത്തിൽ അടുക്കുകയും അകലുകയും മുകളിലും താഴെയും കൂട്ടിയിടിക്കാവുന്ന തരത്തിൽ കേവലം മൂന്ന് മീറ്ററോളം അടുത്തെത്തുകയും അകന്നുപോകുകയും താപതരംഗങ്ങൾ അയക്കുകയും വൈദ്യുതി കൈമാറുകയും ഒക്കെ ചെയ്താണ് ഐ.എസ്.ആർ.ഒ പരീക്ഷണങ്ങൾ നടത്തിയത്.
യുദ്ധവിമാനങ്ങൾ തമ്മിൽ ആകാശത്ത് നടത്തുന്ന പോരാട്ടത്തെയാണ് ഡോഗ് ഫൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്. പോർ വിമാനങ്ങളുടെ സ്ഥാനത്ത് ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ഉപയോഗിച്ച് നടത്തുന്നതിനാൽ അതേ വാക്കുകൊണ്ട് വിശേഷിപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |