തിരുവനന്തപുരം: ശബരിമലയിൽ നിന്ന് ഇടനിലക്കാരരെ ഭാഗികമായെങ്കിലും കുടിയിറക്കാൻ കഴിഞ്ഞുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇടനിലക്കാർ ഇവിടെ സ്വീകാര്യരല്ല എന്ന ഒരു സന്ദേശം നൽകാൻ കഴിഞ്ഞുവെന്നും ജയകുമാർ കൂട്ടിച്ചേർത്തു, കൗമുദി ടി.വിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഭക്തർക്കും അയ്യപ്പനും ഇടയിൽ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ജയകുമാർ പറഞ്ഞു.

മകര വിളക്ക് സമയത്ത് സന്നിധാനത്ത് 125 മുറികൾ സാധാരണക്കാരായ ഭക്തർക്ക് അനുവദിക്കാൻ കഴിഞ്ഞത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പൊക്കെ ഇതായിരുന്നില്ല സ്ഥിതി. ഇടനിലക്കാരും ഏജൻസികളും ഈ മുറികൾ സ്വന്തമാക്കി ഒന്നര ലക്ഷത്തിനൊക്കെ വിൽക്കുമായിരുന്നു. ഈ മുറികളാണ് 2500-3000 രൂപയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കിയത്. ദേവസ്വം ബോർഡിന്റെ സൗകര്യങ്ങളെ ഇടനിലക്കാർ ദുരുപയോഗം ചെയ്ത് വിളയാടുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചു. ഡോണേഴ്‌സിന്റെ മുറികളിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിൽ എന്റെ സ്വഭാവം വേറെയാണ്. ഒരു ഇടനിലക്കാരനെയും ഇവിടെ കയറ്റില്ല. പരമ്പരാഗതമായി അവിടെ ഇല്ലാത്ത അധികാരം സ്ഥാപിച്ച് അവരുടെ നാട്ടിൽ പണം പിരിക്കുന്ന അവതാരങ്ങൾക്ക് അത്ര എളുപ്പമാവില്ല ഇനി ശബരിമലയിൽ എന്ന സന്ദേശം കൊടുക്കാൻ കഴിഞ്ഞുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ മാർഗരേഖ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ദേവസ്വം ബോർഡിന് കെട്ടിടം നിർമ്മിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ മാത്രമേ സ്പോൺസർഷിപ്പിലേക്ക് പോകൂ, നേരിട്ട് സമീപിക്കും. എഗ്രിമെന്റ് തയ്യാറാക്കി കൃത്യമായി സുതാര്യതയോടെ കൈകാര്യം ചെയ്യും. മേൽവിലാസമുള്ള, ഇൻകംടാക്സ് കൊടുക്കുന്ന സ്പോൺസർ മതിയെന്നും ജയകുമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |