
പത്തനംതിട്ട: ശബരിമലയിൽ തീരരക്ഷാ സേനയുടെ ചേതക് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ പെരുമാറുക, പൊതുസുരക്ഷിതത്വം അപകടപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പതിനായിരം രൂപ പിഴയും മൂന്നു വർഷം തടവും ഇതിന് ലഭിക്കാം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 കഴിഞ്ഞാണ് തീരസുരക്ഷാ സേനയുടെ സി.ജി-821 ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ത്തി പറത്തുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തത്. ഹെലികോപ്റ്ററിൽ നാലുപേർ ഉണ്ടായിരുന്നു. നട അടച്ചിരുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏതാനും ആളുകൾ മാത്രമാണ് സന്നിധാനത്ത് ഉണ്ടായിരുന്നത്. വിവരം ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണനെ അറിയിച്ചു. കമ്മിഷണർ കോടതിയെ അറിയിച്ചതോടെ റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
സാധാരണയുള്ള നിരീക്ഷണ പറക്കലാണെന്ന് കോസ്റ്റ് ഗാർഡ് കൊച്ചി യൂണിറ്റ് അറിയിച്ചു.
മേഘാവൃതമായ അന്തരീക്ഷമായതിനാൽ കോപ്റ്റർ പമ്പയിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു
കോടതിയുടെ അനുമതിവേണം
അതീവ സുരക്ഷാമേഖലയും പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗവുമായ ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിനപ്പുറം ശബരിമല കാടിന് മുകളിലൂടെ ഡ്രോൺ, ഹെലികോപ്റ്റർ എന്നിവ പറത്താൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച് 2024ൽ കോടതി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 2025 ഡിസംബറിൽ റോപ് വേയുടെ സർവേയ്ക്കുവേണ്ടി ഹൈക്കോടതിയുടെ അനുമതിയോടെ ഡ്രോൺ പറത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |