എം.ടി വാസുദേവൻ നായർ എന്ന സാഹിത്യ ഇതിഹാസത്തിന്റെ വിടവ് മലയാള ഭാഷയിൽ എന്നും തീരാനഷ്‌ടമായി അവശേഷിക്കും. ഒരിക്കൽ മാധവിക്കുട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത് അദ്ധ്വാനിച്ചിട്ടുള്ള എഴുത്തുകാരൻ എന്നാണ്. വാസു എന്നാണ് എം.ടിയെ മാധവിക്കുട്ടി വിളിക്കാറ്. എം.ടി ചിരിക്കാത്തതിന് പിന്നിൽ താൻ മനസിലാക്കിയതെന്തെന്നും മാധവിക്കുട്ടി എന്ന കമല സുരയ്യ അന്ന് പറഞ്ഞു.
''എം.ടിയെ എപ്പോൾ കാണുമ്പോഴും വരയുള്ള ഷർട്ടാണ്. വരയുള്ള ഷർട്ടല്ലാതെ താൻ എം.ടിയെ കണ്ടിട്ടില്ലെന്ന് കമല സുരയ്യ പറയുന്നു. വീട്ടിൽ അച്ഛൻ അതിഥിയായി ക്ഷണിച്ചപ്പോഴാണ് ആദ്യമായി എം.ടിയുമായിട്ട് സംസാരിച്ചത്. വളരെ ഗൗരവഭാവമാണ്, കളിയും ചിരിയുമൊന്നുമില്ല. വാസുവിന്റെ വർത്തമാനം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. ശരിക്കും അദ്ധ്വാനിച്ചിട്ടുള്ള എഴുത്തുകാരനാണ് വാസു. ഒരേ നാട്ടുകാരായതുകൊണ്ടും, ചെറുപ്പത്തിലേ അറിയാവുന്നത് കൊണ്ടും വാസുവിനെ ഓർത്ത് എന്നും എനിക്ക് അഭിമാനമുണ്ട്. സഹോദരനെ പോലെത്തന്നെയാണ് എന്നും മനസിൽ കാണുന്നത്.
വാസുവിന്റെ കഥകൾ പലപ്പോഴും കരയിച്ചിട്ടുണ്ട്. ഹൃദയത്തെ ഉലച്ചിട്ടുണ്ട്. നനഞ്ഞ തോർത്ത് മുണ്ടെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്ന പോലെയാണ് എം.ടിയുടെ കഥയുടെ എഫക്‌ട്. കുട്ട്യേടത്തിയാണ് ഏറ്റവും സ്പർശിച്ച നോവൽ. പലപ്പോഴും വിചാരിച്ചിട്ടുണ്ട് എംടിയുടെ പല്ല് മുഴച്ചിരിക്കുന്നത് കൊണ്ടാണ് ചിരിക്കാത്തതെന്ന്. പിന്നെ പറഞ്ഞുകേട്ടു, വീട്ടിലും അങ്ങനെ തന്നെയാണ് ചിരിക്കാറില്ലെന്ന്. ആള് പാവാണ്, ശുദ്ധനാണ്. ആ ചിരിയില്ലായ്‌മയാണ് എംടിയുടെ പരിച. പക്ഷേ ആ ചിരിക്കുന്ന മുഖം കാണാൻ മോഹമുണ്ട്. ''- കമല സുരയ്യയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |