
കൊച്ചി: കപ്പലപകടങ്ങൾ കാരണമുള്ള മലനീകരണത്തിൽ അറബിക്കടലിൽ അയല മുട്ടകൾ വ്യാപകമായി നശിച്ചു. കഴിഞ്ഞ മേയിലുണ്ടായ എം.എസ്.സി എൽസ 3, വാൻഹായ് കപ്പലപകടങ്ങളുടെ ഫലമായാണിത് സംഭവിച്ചത്. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റേതാണ് (കുഫോസ്) കണ്ടെത്തൽ.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അയല മുട്ടയിൽ വലിയ കുറവുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് കേരളാതീരത്ത് അയലയുടെ പ്രജനനകാലം. ഈ സമയങ്ങളിലുണ്ടായ മലിനീകരണമാണ് മുട്ടകളെ നശിപ്പിച്ചത്. അപകടത്തിൽപ്പെടുന്ന കപ്പലുകളിലെ എണ്ണച്ചോർച്ചയും രാസവസ്തുക്കളുമാണ് വില്ലൻ. മുട്ടവിരിഞ്ഞ് വരുന്ന അയലയുടെ ലാർവകൾക്ക് മലിനജലത്തിൽ അതിജീവിക്കാൻ സാധിക്കില്ല. മലിനീകരണം തുടർന്നാൽ ഭാവിയിൽ അയല ക്ഷാമത്തിന് വഴിയൊരുക്കും. നാലു ഭാഗങ്ങളായി തയ്യാറാക്കിയ റിപ്പോർട്ടിൽ മൂന്നെണ്ണം സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ 4ാം ഭാഗത്ത് ആഴക്കടലിലെ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള വിവരങ്ങളാണ്.
ഫണ്ട് വകയിരുത്തി പക്ഷേ നൽകുന്നില്ല
കേരളാതീരത്തെ മത്സ്യസമ്പത്തിനെ കപ്പലപകടങ്ങൾ എത്രമാത്രം ബാധിച്ചെന്ന് കണ്ടെത്താനാണ് കുഫോസിനെ നിയമിച്ചത്. 45 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. എന്നാൽ ഫണ്ട് ലഭ്യമാക്കിയില്ല. തുടർന്ന് കുഫോസ് സ്വന്തം പൈസ മുടക്കി കൊല്ലത്തു മാത്രം പഠനം നടത്തുകയായിരുന്നു. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ പഠനം നടത്തിയാലേ തെക്കൻ പ്രദേശത്തെ ആഘാതത്തിന്റെ ശരിയായ തോത് മനസിലാകൂ. വടക്കൻ മേഖലയിൽ വേറെയും പഠനം നടത്തണം. ഇതിന് ഫണ്ട് കിട്ടിയേ തീരൂ. കഴിഞ്ഞ മാസം കോ-ഓർഡിനേഷൻ കമ്മിറ്റി ചേർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |