കൊച്ചി: 'അവൾ ഞങ്ങൾക്ക് നിധിയാണ്. താങ്ങാനാകാത്ത ആശുപത്രി ബില്ലും, കുഞ്ഞ് രക്ഷപ്പെടില്ലെന്ന ചിന്തയും കാരണമാണ് കണ്ണീരോടെ അവളെ ഉപേക്ഷിക്കേണ്ടി വന്നത്".- പിറന്നയുടൻ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിധിയുടെ അച്ഛൻ മംഗളേശ്വർ പൊലീസിനോട് മനസുതുറന്നു.
കൊച്ചിയിൽ ഇന്നലെ സമാപിച്ച അഖിലേന്ത്യാ പൊലീസ് ബാഡ്മിന്റണിൽ കളിക്കാനെത്തിയ ജാർഖണ്ഡ് പ്രതിനിധികളും കേരള പൊലീസും തമ്മിലുണ്ടായ ആശയവിനിമയത്തിലൂടെയാണ് നിധിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്. തുടർന്ന് കേസന്വേഷിക്കുന്ന നോർത്ത് പൊലീസ് ജാർഖണ്ഡിലെ റാഞ്ചിക്കടുത്ത് ലോഹർഡാഗയിലുള്ള ദമ്പതികളുമായി ബന്ധപ്പെട്ടു.
ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് മംഗളേശ്വറിന്റെ ഭാര്യ രഞ്ജിത 28 ആഴ്ച മാത്രമുള്ള കുഞ്ഞിനെ പ്രസവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്ന് 23,000 രൂപ ബില്ലടച്ചു. രണ്ടു ലക്ഷം കൂടി അടയ്ക്കാൻ നിർബന്ധിച്ചപ്പോഴാണ് ജനറൽ ആശുപത്രിയിലായിരുന്ന ഭാര്യയെയും കൂട്ടി മടങ്ങിയത്. കുഞ്ഞിനെ വീഡിയോകാളിൽ കാണണമെന്നുണ്ട്. അതിനു ശേഷം മോളെ കൂടെകൊണ്ടുപോകുമെന്നും മംഗളേശ്വർ പൊലീസിനോട് പറഞ്ഞു. ജാർഖണ്ഡിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കേസുള്ള കാര്യം അറിയില്ല
കോട്ടയത്തെ ഫിഷ്ഫാമിലായിരുന്നു മംഗളേശ്വറിനും ഭാര്യയ്‌ക്കും ജോലി. കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുത്ത കാര്യം ഇവർക്ക് അറിയില്ല. എസ്.ഐ പി.പി. റെജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഏപ്രിൽ 11ന് കുഞ്ഞിനെ സി.ഡബ്ലിയു.സിക്ക് കൈമാറിയിരുന്നു. 950 ഗ്രാം മാത്രമുണ്ടായിരുന്ന കുഞ്ഞിനിപ്പോൾ മൂന്ന് കിലോ തൂക്കമുണ്ട്. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷായുടെ ആവശ്യപ്രകാരം മന്ത്രി വീണാജോർജാണ് കുഞ്ഞിന് നിധിയെന്ന് പേരിട്ടത്. പൊലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാതാപിതാക്കൾക്ക് വീഡിയോകാളിലൂടെ കുഞ്ഞിനെ കാണാൻ സൗകര്യമൊരുക്കുമെന്ന് സി.ഡബ്ലിയു.സി വ്യക്തമാക്കി. ജാർഖണ്ഡ് സി.ഡബ്ല്യു.സിയുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ ജീവിത സാഹചര്യമന്വേഷിച്ച് കുഞ്ഞിനെ കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |