കോതമംഗലം: ടി.ടി.സി വിദ്യാർത്ഥിനി ജീവനൊടുക്കിയത് മതം മാറണമെന്ന കാമുകന്റെ നിർബന്ധം മൂലം. അനുഭവിച്ച ദുരിതങ്ങൾ വിവരിക്കുന്ന സോന എൽദോസിന്റെ (23) ആത്മഹത്യാക്കുറിപ്പ് ആരുടെയും മനഃസാക്ഷിയെ മരവിപ്പിക്കും. കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെ (24) ഇന്നലെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങളും കേസിൽ കുടുങ്ങും. ആത്മത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തും പ്രതിയായേക്കും. കറുകടം ഞാഞ്ഞൂൽമല കടിഞ്ഞുമ്മേൽ സോന ശനിയാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിന് നിർബന്ധിച്ചതിനാലും അപമാനിക്കപ്പെട്ടതിനാലുമാണ് സോന ജീവനൊടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാണ്.
അമ്മ ബിന്ദു വീട്ടുജോലിക്കുപോയാണ് സോനയെ വളർത്തിയതും പഠിപ്പിച്ചതും. മൂന്നു മാസംമുമ്പ് സോനയുടെ പിതാവ് ഏൽദോസ് കുളത്തിൽ മുങ്ങിമരിച്ചു. അതിനിടെയാണ് കാമുകനിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം സോന നേരിട്ടത്. ദിവസങ്ങൾക്കുമുമ്പ് റമീസ് സോനയെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റത്തിന് പ്രേരിപ്പിച്ചു. സോന ആത്മഹത്യ ചെയ്തശേഷം ആത്മസുഹൃത്ത് ജോൺസിയിൽ നിന്നാണ് വീട്ടുകാർ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത്.
ആലുവ യു.സി കോളേജിൽ പഠിക്കവേയാണ് സോനയും റമീസും പ്രണയത്തിലായത്. വിവാഹത്തിന് വീട്ടുകാർക്കും സമ്മതമായിരുന്നു. എൽദോസ് മരിച്ചതോടെ ഒരുവർഷം കഴിഞ്ഞുമതി വിവാഹമെന്ന് കുടുംബങ്ങൾ പരസ്പരം തീരുമാനിച്ചു. റമീസിന്റെ മതം സ്വീകരിക്കാനും സോന ഒരുക്കമായിരുന്നു. ഒരു മാസം മുമ്പ് അനാശാസ്യ പ്രവർത്തനത്തിന് ലോഡ്ജിൽ നിന്ന് റെമീസ് പിടിക്കപ്പെട്ടെന്ന വിവരം സോനയെ സങ്കടത്തിലാഴ്‌ത്തിയെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറിയില്ല. രജിസ്റ്റർ വിവാഹം ചെയ്ത് ജീവിക്കാമെന്നായിരുന്നു തീരുമാനം. പക്ഷേ മതം മാറിയേ മതിയാകുവെന്ന് റമീസ് സോനയെ അറിയിച്ചു. പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിൽ കൊണ്ടുപോകാനും ശ്രമിച്ചു. വഴങ്ങാത്ത സോനയെ തന്ത്രപൂർവം റമീസ് സ്വന്തം വീട്ടിലെത്തിച്ചാണ് മതംമാറ്റത്തിന് നിർബന്ധിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ഇക്കാര്യങ്ങളെല്ലാം അന്നുതന്നെ കൂട്ടുകാരിയായ ജോൺസിയെ സോന അറിയിച്ചിരുന്നു. വീട്ടുകാരെ അറിയിക്കുമെന്ന് ജോൺസി ഫോണിൽ ഭീഷണിപ്പെടുത്തിയപ്പോഴാണ് സോനയെ വിട്ടയച്ചത്.
'നീ മരിച്ചോളൂ"
പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കുമെന്ന് സോന പറഞ്ഞപ്പോൾ മരിച്ചോളൂ എന്നായിരുന്നു റമീസിന്റെ മറുപടി. ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സോന സൂചിപ്പിച്ചിട്ടുണ്ട്. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് റമീസിന്റെ മാതാപിതാക്കളെയും കേസിൽ പ്രതികളാക്കാൻ ഒരുങ്ങുന്നത്. റമീസിന്റെ സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിൽനിന്ന്
''ഇങ്ങനെ ചതിക്കപ്പെട്ടു, ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നെ മതം മാറാൻ നിർബന്ധിച്ചു... ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |