തിരുവനന്തപുരം: അപൂർവരോഗമായ ഐപെക്‌സ് സിൻഡ്രോം ബാധിച്ച് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ചെലവ് സർക്കാർ ഏറ്റെടുക്കും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന മലബാർ ക്യാൻസർ സെന്ററിന് മന്ത്രി വീണാ ജോർജ് നിർദ്ദേശംനൽകി. തിരുവനന്തപുരം നരുവാമൂട് മുക്കംപാലമൂട് മാവുവിള വീട്ടിൽ രഞ്ജീവിന്റെയും രേഷ്‌മയുടെയും മകൻ കാശിനാഥിന്റെ അവസ്ഥ കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
നിലവിൽ എസ്.എ.ടിയിലെ ഐ.സി.യുവിലുള്ള കുട്ടിയെ മലബാർ ക്യാൻസർ സെന്ററിലേക്ക് മാറ്റും. തുടർ നടപടികൾക്ക് കാലതാമസമുണ്ടാകില്ലെന്ന് എസ്.എ.ടിയിലെ ഡോ.ശങ്കർ വ്യക്തമാക്കി. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 25ലക്ഷം രൂപവരെയാണ് ചെലവ്.
സുമനസുകളുടെ കൈത്താങ്ങ്
സുമനസുകളുടെ സഹായവും കുടുംബത്തെ തേടിയെത്തുന്നുണ്ട്. അച്ഛൻ രഞ്ജീവിനെ പലരും ഫോണിൽ വിളിച്ചു. മീൻവില്പനശാലയിലെ ജീവനക്കാരനാണ് രഞ്ജീവ്. മകൻ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
''മലബാർ ക്യാൻസർ സെന്ററിൽ ആവശ്യമായ സൗകര്യമൊരുക്കും.കുട്ടിയുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
-വീണാ ജോർജ്
ആരോഗ്യമന്ത്രി.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആരോഗ്യകിരണത്തിൽ ഉൾപ്പെടുത്തി മജ്ജമാറ്റിവയ്ക്കൽ നടത്താം. നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കും.
-ഡോ.സതീശൻ ബി.
ഡയറക്ടർ,മലബാർ ക്യാൻസർ സെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |