തിരുവനന്തപുരം: ദേശീയ പാത 66 ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. 19 സ്‌ട്രെച്ചുകളിലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയുമാണ്. നിര്‍മാണം പൂര്‍ത്തായാകുന്ന മുറയ്ക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതാണ് ഇപ്പോള്‍ സ്വീകരിക്കുന്ന രീതി. 45 മീറ്റര്‍ വീതിയില്‍ ആറ് വരിയിലായി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അത് കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിന്റെ വികസനത്തിന് ശരവേഗം കൈവരുന്നതിനൊപ്പം തെക്ക് മുതല്‍ വടക്ക് വരേയും തിരിച്ചുമുള്ള തിങ്ങിനിറഞ്ഞ വാഹനങ്ങളുടെ നീണ്ട നിര കാരണം നിരത്തുകളില്‍ ശ്വാസം മുട്ടുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്. 2025 ഡിസംബര്‍ മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഹൈവേയിലെ പരമാവധി വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന കണക്കിലായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ദേശീയപാതയുടെ മൊത്തം ദൂരത്തില്‍ 580 കിലോമീറ്റര്‍ പാതയുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ എന്‍എച്ച്66 ആറ് വരിയാക്കുന്ന പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്, പാതയിലെ നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളില്‍ 60 ശതമാനത്തിലധികം നിര്‍മാണ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് വിവരം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ദൂരം മൂന്ന് മണിക്കൂറില്‍ താഴെയാകും. നിലവില്‍ അത് ആറ് മണിക്കൂര്‍ വരെയാണ് സമയമെടുക്കുന്നത്. അതേസമയം, തെക്ക് തിരുവനന്തപുരത്ത് മുക്കോല മുതല്‍ വടക്ക് കാസര്‍കോട് തലപ്പാടി വരെയുള്ള ദൂരം പിന്നിടാന്‍ ഒമ്പതര മണിക്കൂര്‍ വരെ എടുക്കുമെന്നാണ് കരുതപ്പെടുന്നത്. കൊച്ചി - തിരുവനന്തപുരം 210 കിലോമീറ്റര്‍ പിന്നിടാന്‍ നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരേയും ഗതാഗതക്കുരുക്ക് രൂക്ഷമെങ്കില്‍ അതില്‍ കൂടുതലും സമയമെടുക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |