തൃശൂർ: പീച്ചി പൊലീസ് മർദ്ദന കേസിൽ ഹോട്ടൽ ജീവനക്കാർ പരാതിക്കാരെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് വണ്ടാഴി സ്വദേശി ദിനേശ്, സഹോദര പുത്രൻ ജിനേഷ് എന്നിവരെ ഹോട്ടൽ ജീവനക്കാർ കയ്യേറ്റം ചെയ്യുന്നതാണ് വീഡിയോ. പൊലീസുകാർ വരുന്നതുവരെ ദിനേശിനെ തടഞ്ഞു വച്ചെന്നായിരുന്ന ഹോട്ടലുടമ കെ പി ഔസേപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അത് തെറ്റെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പീച്ചി പൊലീസ് പട്ടിക്കാട് ലാലീസ് ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. 2023 മേയ് 24നായിരുന്നു സംഭവം. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹോട്ടലുടമയ്ക്ക് പീച്ചി സ്റ്റേഷനിലെ അന്നത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ബിരിയാണി കഴിക്കാനെത്തിയവരുമായുളള തർക്കമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഹോട്ടൽ ജീവനക്കാർ തന്നെ മർദ്ദിച്ചെന്ന് ദിനേശ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിഥിൻ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ ആയിരുന്ന പി എം രതീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകൻ പോൾ ജോസഫിനെയും എസ്എച്ച്ഒ മർദ്ദിച്ച് ലോക്കപ്പിൽ അടച്ചിരുന്നു. പരാതി ഒത്തുതീർപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒത്തുതീർപ്പിനായി പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ മൂന്ന് ലക്ഷം പൊലീസിനാണെന്ന് പരാതിക്കാരൻ ഔസേപ്പിനെ അറിയിച്ചിരുന്നു. വീട്ടിലെ സിസിടിവിക്ക് മുന്നിൽ വച്ചാണ് ഔസേപ്പ് അഞ്ച് ലക്ഷം രൂപ കൈമാറിയത്. ഇതിനുപിന്നാലെ ഹോട്ടൽ ജീവനക്കാർ തന്നെയും സഹോദര പുത്രനെയും കയ്യേറ്റം ചെയ്തിരുന്നതായി ദിനേശ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |