മലപ്പുറം: വാണിയമ്പലത്ത് ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ഏമങ്ങാട് കോന്തക്കുളവൻ അസ്‌കറാണ് (54) മരിച്ചത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വാണിയമ്പലത്ത് റെയിൽവേ ഗേറ്റ് അടച്ചതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. വീട്ടിൽ വച്ച് തളർച്ച അനുഭവപ്പെട്ട് കുഴഞ്ഞു വീണതിനെത്തുടർന്ന് വണ്ടൂരിലെ ആശുപത്രിയിലെത്തിക്കാൻ പോകുമ്പോഴാണ് ആംബുലൻസ് ഗേറ്റിൽ കുടുങ്ങിയത്.
ആംബുലൻസ് പിന്നോട്ടെടുത്ത് മറ്റൊരു ക്ലിനിക്കിൽ എത്തിച്ചെങ്കിലും അസ്‌കറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഫസീലയാണ് ഭാര്യ. ഐഷ അഫ്റിൻ, ഷെസിൻ മുഹമ്മദ്, ലിഫ നേഹ, മുഹമ്മദ് സിയാൻ എന്നിവർ മക്കളാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. വാണിയമ്പലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിന് സമീപം പന്തംകൊളുത്തി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വാണിയമ്പലത്ത് മേൽപ്പാലം ഇല്ലാത്തതിനാൽ ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |