അമ്പലപ്പുഴ: വർഷങ്ങൾ നീണ്ട അദ്ധ്വാനത്തിനൊടുവിൽ വിജയം കൈവരിച്ച വനിതാസംരംഭകയെന്ന പദവിയിലെത്തിയതിന്റെ സംതൃപ്തിയിലാണ് സ്മിത. വീടിനോടു ചേർന്ന് 2016ൽ 'തൃപ്തി' എന്ന പേരിൽ തുടങ്ങിയ ചപ്പാത്തി യൂണിറ്റിൽ തുടങ്ങിയ സംരംഭം ഇന്ന് വലിയൊരു പ്രസ്ഥാനമായിക്കഴിഞ്ഞു. അന്തർദേശീയ നിലവാരമായ ഐ.എസ്.ഒ അംഗീകാരവും സ്മിതയുടെ തൃപ്തി കരസ്ഥമാക്കി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കോമന രത്ന നിവാസിൽ സന്തോഷിന്റെ ഭാര്യയാണ് സ്മിത. ആദ്യകാലത്ത് മാർക്കറ്റിൽ വിറ്റഴിക്കാനായി നൽകിയ ചപ്പാത്തി തിരികെ വന്നപ്പോൾ നിരാശയായി. എങ്കിലും പതറിയില്ല. ഒടുവിൽ സ്വന്തമായി ഒരു കൂട്ടു തയ്യാറാക്കി ചപ്പാത്തി നിർമിച്ചതോടെ തൃപ്തി വിപണി കീഴടക്കുകയായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തൃപ്തി ചപ്പാത്തി തേടി ആളുകൾ കടകളിലെത്തിത്തുടങ്ങി. ഇതോടെ തൃപ്തി എന്ന പേരിൽ പൊറോട്ട, പൂരി, കായം, പിസ എന്നിവയും രംഗത്തിറക്കി. സ്മിതയുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കിയ തൃപ്തി കേക്ക് ഇതിനകം വിപണിയിൽ പ്രിയപ്പെട്ടതായി മാറി. പ്രദേശത്തെ നിരവധി വനിതകൾക്ക് ഉപജീവനമാർഗം കൂടിയാണ് സ്ഥാപനം.
അസംസ്കൃത സാധനങ്ങൾ ഉൾപ്പെടെ എല്ലാത്തിനും വില വർദ്ധിച്ചിട്ടും, തുടങ്ങിയ കാലത്തെ അതേ വിലയ്ക്കു തന്നെയാണ് ഇന്നും തൃപ്തി ചപ്പാത്തി വിപണിയിലെത്തിക്കുന്നതെന്ന് സ്മിത പറയുന്നു. ഗുണമേൻമയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതാണ് തൃപ്തിയുടെ പ്രത്യേകത. അതുകൊണ്ടു തന്നെയാണ് സ്മിതയുടെ സ്വന്തം ഉത്പന്നത്തിന് അന്തർ ദേശീയ അംഗീകാരവും ലഭിച്ചത്. കുറഞ്ഞ മൂലധനത്തിൽ ആരംഭിച്ച് ഇന്ന് ഓച്ചിറ മുതൽ എറണാകുളം വരെ നിരവധി കടകളിൽ ആളുകൾ തൃപ്തി ചോദിച്ചു വാങ്ങുന്നതിന്റെ തൃപ്തിയിലാണ് സ്മിത. സംതൃപ്തി എന്ന പേരിൽ പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |