മാന്നാർ: സൈബീരിയയുടെ മദ്ധ്യ കിഴക്കൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന ദേശാടനപക്ഷിയായ തവിടൻ ഇലക്കുരുവിയെ ആലപ്പുഴ ജില്ലയിൽ ആദ്യമായി കണ്ടെത്തി. മാന്നാർ കുരട്ടിശ്ശേരി പാടശേഖരത്തിലെ കുടവെള്ളാരി പാടത്ത് നിന്നാണ് ഈ വിരുന്നുകാരനെ കേരളത്തിലെ പ്രമുഖ പക്ഷി നിരീക്ഷകരിൽ ഒരാളായ ഹരികുമാർ മാന്നാർ കണ്ടെത്തിയത്. ഇതോടെ ജില്ലയിലെ പക്ഷികളുടെ കുടുംബത്തിലെ അതിഥികളുടെ എണ്ണം 318 ആയി. മാന്നാർ, ചെന്നിത്തല മേഖലയിലെ പാടശേഖരങ്ങളും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഇത്തരത്തിൽ അപൂർവ്വങ്ങളായ ധാരാളം പക്ഷികൾ കാണപ്പെടുന്ന സ്ഥലമായതിനാൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണെന്ന് കോട്ടയം നേച്ചർ സൊസൈറ്റി അംഗമായ ഹരികുമാർ മാന്നാർ പറയുന്നു.
സംസ്ഥാനത്ത് മൂന്നാം തവണ
ഡസ്കി വാർബ്ലെർ എന്ന് വിളിക്കുന്ന തവിടൻ ഇലക്കുരുവിയുടെ ശാസ്ത്രീയ നാമം ഫൈലോസ്കോപ്പസ് ഫസ്കാറ്റസ് എന്നാണ്
കേരളത്തിൽ ഇതിനുമുമ്പ് രണ്ടുതവണ മാത്രമാണ് ഇവയെ കണ്ടിട്ടുള്ളത്. 2019ൽ എറണാകുളത്ത് കടമക്കുടിയിലും 2020ൽ തൃശൂർ ആലപ്പാട് കോൾനിലത്തിലും
തവിട്ടുനിറത്തിലുള്ള മുകൾഭാഗവും മങ്ങിയ അടിവശവുമായിട്ടുള്ള ഇവയെ തിരിച്ചറിയാവുന്നവിധമുള്ള വെള്ള പുരികവും കനം കുറഞ്ഞ് കൂർത്ത കൊക്കുമാണുള്ളത്
ഇന്ത്യയിൽ ഈ സമയത്ത് അസം, പശ്ചിമ ബംഗാൾ, ബീഹാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ കാണാറുള്ളത്
തവിടൻ ഇലക്കുരുവികൾ പ്രധാനമായും പ്രാണികളെയാണ് ഭക്ഷിക്കുന്നതെങ്കിലും ചെറിയ പഴങ്ങളും കൊത്തിത്തിന്നും
അധികം ഉയരമില്ലാത്ത കുറ്റിച്ചെടികളിൽ കൂടുകെട്ടുന്ന ഇവ 6 മുട്ടകൾ വരെ ഇടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |