ആലപ്പുഴ : ആലപ്പുഴ നിയമസഭാമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ലഹരി വിരുദ്ധ ബോധവൽക്കരണവും ലക്ഷ്യമിട്ടുള്ള
'ആലപ്പുഴ ആരവ'ത്തിന് നാളെ തുക്കമാകുമെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലഹരി വിപത്തിനെതിരെ വിശാലമായ സാമൂഹിക പ്രതിരോധമെന്നതാണ് ആലപ്പുഴ ആരവത്തിന്റെ ലക്ഷ്യം. ഈ ഉദ്ദേശത്തോടെ 107 പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ വാർഡുതല സമിതികളും രൂപീകരിച്ചു. വാർഡ്‌തല സമിതികളുടെ നേതൃത്വത്തിൽ 1000 ലഹരി വിരുദ്ധ ജനസദസ്സുകൾ നടത്തും. നാളെ നാൽപ്പാലം മുതൽ ചേന്നവേലി വരെ തീരദേശറോഡിൽ 10,000 ത്തിലധികം ജനങ്ങളെ അണിനിരത്തി മനുഷ്യകവചവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. നാൽപ്പാലത്തിൽ എക്സൈസ്സ് കമ്മീഷണർ മഹിപാൽ യാദവ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി. പി. വിജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.
തുമ്പോളിയിൽ അഡ്വ.എ.എസ്. അരുൺകുമാർ എം.എൽ.എയും കാട്ടൂരിൽ അഡ്വ.യു. പ്രതിഭ എം.എൽ.എയും ചെത്തിയിൽ ദലീമ ജോജോഎം.എൽ.എയും ഉദ്ഘാടനം നിർവഹിക്കും.
പരിപാടിയുടെ വിളംബരമായുള്ള ജലോത്സവം ആലപ്പുഴ കനാലിൽ ഇന്ന് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും.
സ്പോർട് സാണ് ലഹരിയെന്ന സന്ദേശത്തോടെ എം.എൽ.എ. കപ്പിനായി ആലപ്പുഴ കനാലിൽ കനോയിംഗ് കയാക്കിംഗ് മത്സരവും, തത്തംപള്ളിയിൽ ബാസ്‌കറ്റ് ബോൾ, ആര്യാട് സാംസ്‌കാരികോദയം വായന ശാല ആൻഡ് ഗ്രന്ഥശാലയിൽ ഷട്ടിൽ, ബാഡ്‌മിന്റൺ ടൂർണമെന്റ്, പ്രീതികുളങ്ങര യിൽ ഫുട്‌ബോൾ, കലവൂർ ആൽഫാ കോളേജിൽ ചെസ്സ് ടൂർണമെന്റ്, റിക്രിയേഷൻ ഗ്രൗണ്ടിൽ ക്രിക്കറ്റ്, ബീച്ചിൽ കബഡി മത്സരങ്ങളും നടത്തും. കായികമത്സരങ്ങളുടെ ഉദ്ഘാടനം 23 ന് പ്രീതികുളങ്ങരയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്റ് യു. ഷറഫലി നിർവഹിക്കും.
ആര്യാട് ഗുരുപുരം ബംഗ്ലാവ് പുരയിടത്തിൽ ആരവം പരിപാടികളുടെ ഉദ്ഘാടനചടങ്ങിൽ 22 ന് വൈകുന്നേരം 5ന് പി.കെ.മേദിനി വികസനസാംസ്‌കാരികദീപം തെളിയിക്കും. സമാപന സമ്മേളനം 28 ന് വൈകുന്നേരം 5ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ആരവം പരിപാടികൾ
22 ന് വൈകിട്ട് 7 ന് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന ആട്ടം 2025 .
23 ന് വൈകിട്ട് 7ന് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം
25 ന് സുധീപ് കുമാർ നയിക്കുന്ന ഗാനമേള
26 ന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന പാട്ടും പടവെട്ടും
27 ന് ഗൗരി അവതരിപ്പിക്കുന്ന വയലിൻ ചെണ്ട ഫ്യൂഷൻ
28 ന് ചെമ്മീൻ മ്യൂസിക് ബാൻഡിന്റെ സംഗീതനിശ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |