ആലപ്പുഴ : വി.എസ് എന്ന സമരനായകനെ അവസാന നോക്ക് കാണാൻ ദൂരവും കാലാവസ്ഥയും നോക്കാതെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. തിരക്ക് നിയന്ത്രിക്കാൻ വോളണ്ടിയർമാരും പൊലീസും പാടുപെട്ടു. പുലർച്ചെ മുതൽ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയവർ ജലപാനം പോലുമില്ലാതെയാണ് പ്രിയ നേതാവിനായി അക്ഷമരായി കാത്തിരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും നിന്ന സ്ഥലങ്ങളിൽ നിന്ന് മാറിയില്ല. പൊടിക്കുഞ്ഞുങ്ങളും തങ്ങൾ പറഞ്ഞുകേട്ട വി.എസ് എന്ന വിപ്ലവത്തെ കാണാനായി കാത്തിരുന്നു.
പുന്നപ്രയിലെ വീട്ടിൽ നിന്ന് വി.എസിന്റെ ഭൗതികശരീരവുമായുള്ള യാത്ര പുറപ്പെട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജില്ലാ കമ്മിറ്റി ഓഫീസിനകത്തേക്ക് ആളുകൾ ഇടിച്ചുകയറാൻ തുടങ്ങി. തോരാതെ പെയ്ത മഴയെ അവഗണിച്ചായിരുന്നു ആയിരങ്ങൾ അവിടെ നിലകൊണ്ടത്. കവാടത്തിലേക്ക് വി.എസിനെയും വഹിച്ചുള്ള ബസ് എത്തിയപ്പോൾ നാനാഭാഗത്ത് നിന്ന് മുദ്രാവാക്യങ്ങൾ ഉയർന്നു. പോരാട്ടങ്ങളുടെ പോരാളി.... കണ്ണേ.. കരളേ വി.എസേ... ഞങ്ങളുടെ കരളിലെ റോസാപ്പൂവെ.. പുന്നപ്രയുടെ ഓമനയല്ലെ.. വയലാറിന്റെ മുത്തല്ലെ എന്നിങ്ങനെ ആളുകൾ നിറുത്താതെ വിളിച്ചുകൊണ്ടിരുന്നു.
കരഞ്ഞ് നിലവിളിച്ച് പ്രായമായവർ ആ മുഖത്തേക്ക് ഒരുമാത്ര നോക്കി മടങ്ങി. ചിലർ കുഴഞ്ഞുവീണു. ആ തിക്കും തിക്കും ഒരുമണിക്കൂർ നീണ്ടു. തിരക്ക് ഇനി നിയന്ത്രിച്ചില്ലെങ്കിൽ ചടങ്ങുകൾ വൈകുമെന്ന് ബോദ്ധ്യമായപ്പോൾ കവാടം അയ്ക്കേണ്ടി വന്നു. എന്നാൽ അപ്പോഴും ആളുകൾ പല ഭാഗത്ത് നിന്ന് അകത്തേക്ക് കയറിക്കൊണ്ടേയിരുന്നു. നന്നേ പാടുപെട്ടാണ് ഒരുമണിക്കൂറുകൊണ്ട് പൊതുദർശനം പൂർത്തിയാക്കിയത്. 3.22ന് എത്തിച്ച ഭൗതിക ശരീരവുമായി 5.45ന് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്രയായി പുറപ്പെട്ടു.
വി.എസിന് അന്തിമോപചാരം അർപ്പിക്കുന്നതിന് എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, തോമസ് കെ. തോമസ്, എച്ച്. സലാം, മുൻ എം.പി സി.എസ്.സുജാത, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ്, സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കോട്ടം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എന്നിവർ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |