കൊല്ലം: മദ്യലഹരിയിൽ വീടിന് മുന്നിലുണ്ടായ വഴക്കിനിടെ അനുജനെ കുത്തിക്കൊന്ന ജ്യേഷ്ഠൻ പിടിയിൽ. കരിക്കോട് ഐശ്വര്യ നഗർ ജിഞ്ചു ഭവനിൽ ജിഞ്ചു തങ്കച്ചനാണ് അറസ്റ്റിലായത്. അനുജൻ ലിഞ്ചു തങ്കച്ചനാണ് (റോയി) ചൊവ്വാഴ്ച രാത്രിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് മരിച്ചത്. സംഭവശേഷം ഒളിവിൽ പോയ ജിഞ്ചുവിനെ ഇന്നലെ വൈകിട്ടോടെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പിതാവ് തങ്കച്ചൻ സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷന് കീഴിൽ കരിക്കോട് പ്രവർത്തിക്കുന്ന സംസ്ഥാന വെയർഹൗസിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ജിഞ്ചു ഈ ജോലിക്ക് കയറി. എന്നാൽ ജോലി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ലിഞ്ചു നാളുകളായി നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |