
ആലപ്പുഴ: ചിക്കൻ വിഭവങ്ങളുടെ പുത്തൻ രുചിഭേദങ്ങളുമായി കേരളചിക്കന്റെ സ്നാക്സ് ബാറുകൾ ജില്ലയിൽ വരുന്നു. ആദ്യഘട്ടത്തിൽ നാലെണ്ണമാണ് ആരംഭിക്കുന്നത്. ഇതിൽ ആദ്യ മൂന്നെണ്ണം ചെങ്ങന്നൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലായി അടുത്ത ആഴ്ച തുടങ്ങും. ചെങ്ങന്നൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപവും കായംകുളത്ത് ചേരാവള്ളിയിലും ആലപ്പുഴ നഗരത്തിൽ ഇ.എം.എസ് സ്റ്റേഡിയത്തിലുമാണ് സ്നാക്സ് ബാറുകൾ ആരംഭിക്കുക. ആലപ്പുഴ നഗരത്തിലെ രണ്ടാമത്തെ സ്നാക്സ് ബാർ കളക്ട്രേറ്റിന് സമീപം പിന്നീട് പ്രവർത്തന സജ്ജമാകും. ഇവയുടെ വിജയം അനുസരിച്ച് രണ്ടെണ്ണംകൂടി ആരംഭിക്കാൻ കുടുംബശ്രീക്ക് ഭാവിയിൽ പദ്ധതിയുണ്ട്.
എറണാകുളത്തുള്ള മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ്
സ്നാക്സ് ബാറുകൾ തുറക്കുന്നത്. ഇവരുമായി ചേർന്ന് കൂടുതൽ ഉത്പന്നങ്ങൾ സ്‌നാക്‌സ് ബാറിലൊരുക്കും.റെഡി ടു ഈറ്റ്, റെഡിടു കുക്ക് വിഭവങ്ങൾക്കൊപ്പം ചായ, കാപ്പി തുടങ്ങിയവയും ഇവിടെയുണ്ടാകും. ചിക്കൻ നഗട്‌സ്, ഹോട്ട്‌ഡോഗ്, ചിക്കൻ ലോലിപോപ്പ്, ബർഗർ തുടങ്ങിയവ മിതമായ നിരക്കിൽ ആവശ്യക്കാർക്ക്
എത്തിക്കുക എന്നതാണ് സ്നാക്സ് ബാറിന്റെ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങൾ നടത്തുന്നതും കേരള ചിക്കൻ നേരിട്ട് നടത്തുന്നതുമായ സംരംഭങ്ങളും ഇതിൽ പങ്കാളികളാകും. ടേക്ക് എവേ കൗണ്ടറായ മീറ്റ്‌പോയിന്റുകളായും ഇരുന്നു കഴിക്കാൻ സൗകര്യമുള്ള സ്നാക്സ് ബാറാകളായും ഇവ പ്രവർത്തിക്കും.
കേരളചിക്കന്റെ ആദ്യ
ഔട്ട്ലെറ്റ് തുറന്നു
ഗുണമേന്മയുള്ളകോഴിയിറച്ചി ന്യായവിലയ്ക്ക് ആവശ്യക്കാരിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള ചിക്കന്റെ ആലപ്പുഴയിലെ ആദ്യ ഔട്ട്‌ലെറ്റ് കൈനടിയിൽ തുറന്നു. തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈവ് ചിക്കൻ കൂടാതെ ചിൽഡ്, ഫ്രോസൺ ഉത്പന്നങ്ങൾക്കൂടി ലഭ്യമാക്കുന്ന ഹൈബ്രിഡ് ഔട്ട്‌ലെറ്റാണിത്. കുടുംബശ്രീ അംഗങ്ങളാണ് ഔട്ട്‌ലെറ്റ് നടത്തുന്നത്. ജില്ലയിൽ പതിവായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് ചിൽഡ്, ഫ്രോസൺ ഉത്പന്നങ്ങൾക്ക് പ്രാധാന്യം നല്കുന്നത്. ദിവസങ്ങളോളം കേടുകൂടാതെ ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഗുണം.
സ്നാക്സ് ബാറിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അടുത്താഴ്ച തന്നെ ഉദ്ഘാടനം ചെയ്യും. ഇവയുടെ വിജയത്തിനുശേഷം കൂടുതൽ സ്നാക്സ് ബാറുകൾ ആരംഭിക്കും
-എസ്. രഞ്ജിത്, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |