
ആലപ്പുഴ: കുട്ടനാട് ഉൾപ്പടെ മദ്ധ്യകേരളത്തിൽ പക്ഷിപ്പനി പതിവായിട്ടും കേന്ദ്ര പഠനസംഘത്തിന്റെ രോഗപ്രതിരോധ ശുപാർശകൾ നടപ്പായില്ല. സംസ്ഥാനത്തെ ഇറച്ചി, മുട്ട ഉൽപ്പാദനവും പതിനായിരക്കണക്കിന് കർഷകരുടെ വയറ്റിപ്പിഴപ്പും ഇല്ലാതാക്കിയ പക്ഷിപ്പനിയെ പ്രതിരോധിക്കാൻ മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുത്ത് നടപ്പാക്കേണ്ട പദ്ധതികളാണ് അവഗണിക്കപ്പെട്ടത്.
2014ലാണ് കേരളത്തിൽ ആദ്യം പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നുള്ള എല്ലാ സീസണുകളിലും ഒക്ടോബർ മുതൽ ഡിസംബർവരെ പക്ഷിപ്പനി വളർത്തുപക്ഷികളുടെ അന്തകനായി. ഈ വർഷവും രോഗ ബാധ താറാവ്, കോഴി കർഷകരുടെ ജീവിതം വഴിമുട്ടിച്ചു. ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നു.
2024ൽ പക്ഷിപ്പനി ബാധയെ തുടർന്ന് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് അവഗണിക്കപ്പെട്ടത്.രോഗത്തിന്റെ ഉറവിടം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ലെങ്കിലും രോഗബാധിതരായ പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും വിൽപനയിലൂടെയും രോഗം പടർന്നിരിക്കാമെന്നായിരുന്നു കണ്ടെത്തൽ. പനി ബാധിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവും ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഫാമുകൾ തോറുമുള്ള അനിയന്ത്രിതമായ സഞ്ചാരവും രോഗം ബാധിച്ച കാക്കകളെയുമാണ് രോഗവ്യാപനത്തിനുള്ള മറ്റ് കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.വനങ്ങളിൽ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളെയും രോഗവാഹകരുടെ ഗണത്തിൽപ്പെടുത്തി കേന്ദ്രസംഘം നിരീക്ഷിച്ചിരുന്നു.
പഠന റിപ്പോർട്ടിന് അവഗണന
1.ഇറച്ചി ആവശ്യത്തിനെത്തിക്കുന്ന ബ്രോയിലർ കോഴികളിലും താറാവുകളിലും പഠനം ആവശ്യമാണ്.വൈറസിന്റെ വിശദമായ ജനിതക പഠനം, മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം എന്നിവ വേണം
2.സ്വകാര്യ കോഴി, താറാവ് ഫാമുകൾക്ക് മൃഗാശുപത്രിയിൽ നിർബന്ധിത രജിസ്ട്രേഷഷനും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ സ്‌ക്രീനിംഗും നടത്തണം
3.പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും വേണം. ഓരോ നാലുമാസവും സർക്കാർ -സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം
4.വളർത്തൽ കേന്ദ്രത്തിൽ താറാവുകളുടെ എണ്ണം 3000 മുതൽ 5000 വരെയാക്കണം. പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി താറാവുകളുടെ എണ്ണം നിജപ്പെടുത്തണമെന്നും ശുപാർശയുണ്ട്
5.കോഴി, താറാവ് ഇറച്ചി സംസ്‌കരണത്തിന് അംഗീകൃത അറവുശാലകൾക്ക് മാത്രം ലൈസൻസ് നൽകുക. ഫാമുകളുടെ അവശിഷ്ടങ്ങൾ തോടുകളിലേക്കും കായലിലേക്കും തളളരുതെന്നും റിപ്പോർട്ടിൽ പറയുന്നു
പക്ഷിപ്പനി സ്ഥിരീകരിക്കാൻ സംവിധാനം വേണം. കളളിംഗും സംസ്കരണവും ശാസ്ത്രീയമാക്കണം. കർഷകർക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകാൻ സർക്കാർ തയ്യാറാകണം
-അഡ്വ.ബി.രാജശേഖരൻ,ഐക്യതാറാവ് കർഷക സംഘം
പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് റിപ്പോർട്ടിലുള്ളത്. സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിലയിരുത്തലിന് ശേഷം നടപടികളുണ്ടാകും
-ദുരന്ത നിവാരണ അതോറിട്ടി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |