
മുഹമ്മ: കാലത്തിന്റെ വിസ്‌മൃതിയിൽ മറഞ്ഞെങ്കിലും ശ്രീപൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവീക്ഷേത്രത്തിൽ ഉത്സവമായാൽ ഉന്തുവണ്ടി കളംനിറയും. ഭക്ത ജനങ്ങളുടെ വീടുകളിൽ നിന്ന് പറ വഴിപാട് സ്വീകരിക്കുമ്പോൾ ലഭിക്കുന്ന നെല്ല് ക്ഷേത്രത്തിലെ ത്തിക്കുന്നത് ഇപ്പോഴും ഉന്തുവണ്ടിയിലാണ്.
ഇരുപത് വർഷം മുമ്പ് ആലപ്പുഴയിലും ചേർത്തലയിലും ഉന്തുവണ്ടികൾ വളരെ സജീവമായിരുന്നു. കയറും കയർ ഉൽപ്പന്നങ്ങളും ഇവിടങ്ങളിൽ എത്തിക്കുന്നതിനും അവിടെ നിന്ന് പച്ചക്കറിയും പലവ്യഞ്ജനങ്ങളും തിരിച്ചെത്തിക്കുന്നതിനും പ്രധാന ആശ്രയമായിരുന്നു ഉന്തുവണ്ടികൾ. മാത്രമല്ല, നിർമ്മാണ വസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ കയറ്റാനും ഇറക്കാനുമെല്ലാം വലിവണ്ടികൾ എന്ന ഉന്തുവണ്ടികളാണ് ഉപയോഗിച്ചിരുന്നത്.
രാത്രിയിൽ റാന്തൽ തെളിച്ചായിരുന്നു ഇവയുടെ സഞ്ചാരം. ഇതിനായി നല്ല പരിശീലനം ലഭിച്ച തൊഴിലാളികളും വണ്ടികൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളും ധാരാളം ഉണ്ടായിരുന്നു. എന്നാൽ, മോട്ടോർ വാഹനങ്ങളുടെ കടന്നുവരവോടെ സർവസാധാരണമായിരുന്ന ഉന്തുവണ്ടികൾ വിസ്മൃതിയിലേക്ക് പോയി.
മുപ്പത് വർഷത്തെ പഴക്കം
പുതിയ തലമുറയ്ക്ക് ഉന്തുവണ്ടി കാണണമെങ്കിൽ കാവുങ്കൽ ക്ഷേത്രത്തിൽ കൊടിയേറണം. പറയെടുപ്പിനോടനുബന്ധിച്ച് മേളക്കാരുടെയും ഭാരവാഹികൾക്കും പിന്നിലായി പോകുന്ന ഉന്തുവണ്ടി നാട്ടുകാർക്ക് ഇന്നും കൗതുകമാണ്.
പൂർണമായും ഇരുമ്പിൽ നിർമ്മിച്ച ഈ ഉന്തുവണ്ടിക്ക് മുപ്പത് വർഷത്തോളം പഴക്കമുണ്ട്. കാവുങ്കൽ മുല്ലശ്ശേരിവെളി കുഞ്ഞുമോനാണ് ഉന്തുവണ്ടിക്കാരൻ. പതിനഞ്ചാം വയസിൽ കുഞ്ഞുമോൻ വണ്ടിയുമായി പറയ്ക്കെഴുന്നള്ളിപ്പിന് കൂടിയതാണ്. അന്ന് 12 രൂപ കൂലിയും ചെലവുമായിരുന്നു പ്രതിഫലം. ഇന്ന് അത്
1200 രൂപ കൂലിയും ചെലവുമാണ്. കാവുങ്കൽ ചക്കനാട്ട് അശോകനാണ് വണ്ടിയുടെ
ഉടമസ്ഥൻ. രണ്ട് വണ്ടികളാണ് വാടകയ്ക്ക് നൽകിയിരുന്നത്. അതിൽ ഒരെണ്ണം പിന്നീട് നശിപ്പിച്ചുപോയി. പത്ത് ദിവസത്തെ പറയ്ക്കെഴുന്നെള്ളിപ്പ് കഴിയുന്നതോടെ
വണ്ടി സുരക്ഷിതമായി സൂക്ഷിക്കും, അടുത്ത വർഷത്തെ ഉത്സവത്തിനായി കാത്തിരിക്കും. അതാണ് പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |