ആലപ്പുഴ : എല്ലാമാസവും അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം ലഭിക്കുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിക്കെതിരെ സർക്കാരിന്റെ കാലാവധി കഴിയുവരെ സമരം തുടരാൻ സ്കൂൾ പാചക തൊഴിലാളികൾ.
തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ചകളിൽ പല വാഗ്ദാനങ്ങളും മന്ത്രി നൽകിയെങ്കിലും ഒന്നുപോലും പ്രാവർത്തികമാക്കിയിട്ടില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ ഒരുമാസംകൂടി നിൽക്കെ സർക്കാരിൽ നിന്ന് നീതി ലഭിക്കുമോ എന്നറിയേണ്ടതുണ്ടെന്നും സ്കൂൾ പാചക തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമരം നടന്നുവരികയാണ്. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഉടൻ സമരം ആരംഭിക്കും.
എല്ലാമാസവും അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം ലഭിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. അത് നടപ്പാകാതായിട്ട് മാസങ്ങളായി. മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കുന്ന വിഷയം പലതവണയായി ആവശ്യപ്പെട്ടിട്ടും സർക്കാർ നടപ്പിലാക്കിയിട്ടില്ല.
തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യുവാൻ 2025 ഏപ്രിൽ 29നും ആഗസ്റ്റ് ആറിനും മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ഡിസംബറിൽ വീണ്ടും തൊഴിലാളി യൂണിയൻ
മന്ത്രിക്ക് കത്തുനൽകി. സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയം മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇത് തങ്ങളെ കൈയ്യൊഴിയുന്ന സമീപനമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെന്ന് കാണിച്ച് തിരിച്ചയക്കാനാണ് സാദ്ധ്യതയെന്നും തൊഴിലാളികൾ പറയുന്നു.
വാക്കിലൊതുങ്ങിയ
വാഗ്ദാനങ്ങൾ
1. കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കിലും സംസ്ഥാന വിഹിതം കൃത്യമായി നൽകും
2. മിനിമം വേതനപരിധിയിൽ നിന്ന് തൊഴിലാളികളെ ഒഴിവാക്കും
3. തൊഴിലാളി അനുപാതം 300 വിദ്യാർത്ഥികൾക്ക് ഒരാൾ എന്ന രീതിയിലാക്കും
4. തൊഴിലാളികൾക്ക് ഇൻഷ്വറൻസ്, ഐ.ഡി കാർഡ്, യൂണിഫോം എന്നിവ ഏർപ്പെടുത്തും
5. തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 ആയി നിശ്ചയിക്കും
ആകെ അംഗീകൃത തൊഴിലാളികൾ : 13327
നിലവിൽ ജോലി ചെയ്യുന്നവർ : 20000ൽ അധികം
ദിവസശമ്പളം: ₹600
ഉത്സവബത്ത: ₹1300
അവധിക്കാല അലവൻസ്: ₹ 2000
തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതുവരെ സമരം തുടരും. പലതവണ ചർച്ച നടത്തിയെങ്കിലും ഇതുവരെ നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല
-പി.ജി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |