ആലപ്പുഴ : റേഷനരി കടത്ത് തടയാൻ വാതിൽപ്പടി വിതരണത്തിൽ നിന്ന് സ്വകാര്യ കരാറുകാരെ പൂർണമായും ഒഴിവാക്കണമെന്നും സിവിൽ സപ്ളൈസ് കോർപ്പറേഷൻ നേരിട്ട് വിതരണം ഏറ്റെടുക്കണമെന്നും ആവശ്യമുയരുന്നു. നിലവിൽ മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ എത്തിക്കുന്നതിന് സിവിൽ സപ്ളൈസ് കോർപ്പറേഷൻ തുടരുന്ന സംവിധാനത്തിന് സമാനമായ രീതിയിൽ സൗകര്യം ഏർപ്പെടുത്തിയാൽ കരിഞ്ചന്തയിലേക്കുള്ള റേഷനരി ഒഴുക്ക് പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
ഗോഡൗണിലെ ചില ജീവനക്കാരും കരാറുകാരും ഉൾപ്പെട്ട മാഫിയയുടെ നേതൃത്വത്തിലാണ് റേഷനരി കടത്തുന്നത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ വകുപ്പ് പാലിക്കാത്തതും അഴിമതിക്ക് വഴിയൊരുക്കുന്നു. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഓരോ വർഷം കഴിയുമ്പോഴും മാറ്റണമെന്ന നിർദ്ദേശവും പാലിച്ചിട്ടില്ല. പല എൻ.എഫ്.എസ്.എ ഗോഡൗണുകളിലും 2 മുതൽ 12 വരെവർഷമായി തുടർച്ചയായി ജോലിചെയ്യുന്ന ജീവനക്കാരാണുള്ളത്. ജില്ലയിൽ റേഷൻ വാതിൽപ്പടി വിതരണത്തിനായി കരാർ ഏറ്റെടുത്തവരിൽ ഭൂരിഭാഗവും മൊത്തക്കച്ചവടക്കാരാണ് . ഇവരും സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരുമായി അവിശുദ്ധ ബന്ധമുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സപ്ളൈകോ ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കടത്തിയതിന് സിവിൽ സപ്ളൈസ് കോർപ്പറേഷൻ ജീവനക്കാരനടക്കം മാവേലിക്കരയിൽ പിടിയിലായിരുന്നു. പച്ചയായ കൊള്ളയാണ് ഇവിടെ നടന്നതെന്ന് ഗോഡൗൺ സന്ദർശിച്ച ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലും വെളിപ്പെടുത്തി.
ആർ.ഐമാർ എവിടെ ?
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് വാതിൽപ്പടി വിതരണക്കാരുടെ വാഹനത്തിൽ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കയറ്റുമ്പോൾ റേഷനിംഗ് ഇൻസ്പെക്ടർ (ആർ.ഐ) മേൽനോട്ടം വഹിക്കണമെന്നും വാഹനത്തിൽ ഭക്ഷ്യധാന്യങ്ങളുമായി പോകുമ്പോൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ ഒരു ജീവനക്കാരൻ ഉണ്ടാകണമെന്നുമാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിൽ അനുശാസിക്കുന്നത്. നിയമം നടപ്പാക്കിയ ആറുമാസം ഇത് പാലിച്ചിരുന്നു. ഇപ്പോൾ രണ്ടും പാലിക്കപ്പെടുന്നില്ലെന്നാണ് ആരോപണം.
സുതാര്യമാകാത്തതിന് പിന്നിൽ
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ വിജിലൻസ് കമ്മിറ്റി രൂപീകരിച്ചിട്ടില്ല
ലോറികളിൽ ജി.പി.എസ് ഘടിപ്പിച്ചെങ്കിലും ട്രാക്കിംഗ് സംവിധാനം സജ്ജമാക്കിയിട്ടില്ല
റേഷൻകടകളിലേക്ക് അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങൾ തൂക്കി തിട്ടപ്പെടുത്തണം
ഇത് പാലിക്കപ്പെടാത്തത് വാതിൽപ്പടി വിതരണത്തിലെ സുതാര്യത ഇല്ലാതാക്കുന്നു.
വാതിൽപ്പടി വിതരണം സുതാര്യമാക്കാൻ സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഭക്ഷ്യസാധനങ്ങൾ നേരിട്ട് വിതരണം നടത്തണം. റേഷൻ കടകളിൽ കമ്മിറ്റി രൂപീകരിച്ച പോലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലും വിജിലൻസ് കമ്മിറ്റി രൂപീകരിക്കണം.
- എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |