കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നടത്തുന്ന മൊബൈൽ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ 455 പേർ ചികിത്സ തേടി. തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലേയും കൊച്ചി കോർപ്പറേഷനിലെയും വിവിധ മേഖലകളിലാണ് ക്യാമ്പ് നടത്തിയത്.
തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും ഓരോ യൂണിറ്റുകൾ വീതവും കോർപ്പറേഷൻ പരിധിയിൽ മൂന്ന് യൂണിറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. തൃക്കാക്കര സുരഭി നഗർ വായനശാലയ്ക്ക് സമീപം നടത്തിയ ക്യാമ്പിൽ 52 പേരും നിലംപതിഞ്ഞിമുകൾ ഭാഗത്തെ ക്യാമ്പിൽ 78 പേരുമെത്തി. തൃപ്പൂണിത്തുറയിലെ ആദ്യ ക്യാമ്പ് നടന്നത് ഇരുമ്പനം എൽ.പി സ്കൂളിന് സമീപത്തായിരുന്നു. ഇവിടെ 140 പരും കടകോടം ഭാഗത്ത് സംഘടിപ്പിച്ച ക്യാമ്പിൽ 45 പേരും ചികിത്സതേടി. കോർപ്പറേഷൻ ഭാഗങ്ങളിൽ കുടുമ്പി കോളനി, വൈറ്റില, ഗിരിനഗർ, ചമ്പക്കര, തമ്മനം, ചങ്ങമ്പുഴ പാർക്ക് എന്നിവിടങ്ങളിലായിരുന്നു മെഡിക്കൽ ക്യാമ്പുകൾ നടത്തി.
കുടുമ്പി കോളനിക്ക് സമീപത്തെ ക്യാമ്പിൽ 21 പേരും വൈറ്റില ജനത ഭാഗത്ത് 23 പേരും പങ്കെടുത്തു. ഗിരിനഗർ കമ്യൂണിറ്റി ഹാളിൽ 29 പേർ ചികിത്സ തേടിയപ്പോൾ ചമ്പക്കര എസ്.എൻ.ഡി.പി ഹാളിൽ 14 പേരും ചികിത്സ തേടി. തമ്മനം ലേബർ കോളനിയിൽ 20 പേരും ചങ്ങമ്പുഴ പാർക്കിന് സമീപം 33 പേരുമായിരുന്നു സന്ദർശിച്ചത്
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നടത്തുന്നത്.
ബ്രഹ്മപുരത്ത് ആയുർവേദ സംഘം
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് പ്രദേശം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം സന്ദർശിച്ചു.
ബ്രഹ്മപുരത്ത് ആയുർവേദ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ സഹായം നൽകുമെന്നും മെഡിക്കൽ സംഘം സജ്ജമാണെന്നും ജില്ലാ പ്രസിഡന്റ് ഡോ. ജിൻഷിദ് സദാശിവൻ, സെക്രട്ടറി ഡോ. ടിൻസി ടോം എന്നിവർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സർവേയും അനുബന്ധ പ്രവർത്തനങ്ങളും റെസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ജിൻഷിദ് സദാശിവന്റെ നേതൃത്വത്തിൽ ഡോ. ദേവീദാസ്, ഡോ. ശിവൻ, ഡോ. ആനന്ദ്, ഡോ. അനിൽ എന്നിവരാണ് ബ്രഹ്മപുരം സന്ദർശിച്ചത്.
ഡോക്ടർമാരുടെ
സമരം: ക്യാമ്പുകളെ
ബാധിക്കില്ല
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള ക്യാമ്പുകളെ 17ലെ ഡോക്ടർമാരുടെ സമരം ബാധിക്കില്ലെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, ജില്ലാ ചെയർമാൻ ഡോ. സാബു പോൾ, ജില്ലാ കൺവീനർ ഡോ.എം.എം. ഹനീഷ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |