കൊച്ചി: തൃശൂർ കേന്ദ്രമായ 300 കോടിയുടെ നിധി കമ്പനിയുടെ തട്ടിപ്പിൽ ഗൾഫിൽ ജോലി ചെയ‌്‌ത ആലുവ സ്വദേശിയുടെ 1.40 കോടി ഉൾപ്പടെ എറണാകുളം ജില്ലയിലും നിരവധിപ്പേർ ഇരകളായി. നിധിക്കമ്പനി പൂട്ടിയതോടെ നിരവധിപേർ കടക്കെണിയിലായി.
കൂർക്കഞ്ചേരി ആസ്ഥാനമായ മാനവ കെയർ കേരള (എം.സി.കെ) നിധി ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയത്. ചെയർമാൻ ടി.ടി. ജോസ് ഉൾപ്പെടെ മുങ്ങിയതോടെ നിക്ഷേപകർ പരാതിയുമായി എത്തിയത്. തൃശൂരിന് പുറമെ, എറണാകുളം, ഇടുക്കി ജില്ലകളിൽ തുറന്ന ശാഖകൾ വഴിയും വൻതുക നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി.
സ്വർണവായ്‌പ, ചിട്ടി, പ്രതിദിന കളക്ഷൻ തുടങ്ങിയ പേരുകളിലാണ് നിക്ഷേപം സ്വീകരിച്ചത്. സ്ഥിരനിക്ഷേപത്തിന് 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്‌തത്. നിക്ഷേപിച്ചുകഴിഞ്ഞാൽ പലിശ സമയത്ത് വീട്ടിലെത്തിച്ച് നൽകും. ഇതുവഴി വിശ്വാസം നേടുകയും നിക്ഷേപകരെ ഉപയോഗിച്ച് ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരെ സ്വാധീനിച്ചും പണം ശേഖരിക്കുകയായിരുന്നു.
പണം തിരികെ ലഭിക്കാതെ വന്നവർ പൊലീസിൽ പരാതി നൽകാതിരിക്കാൻ ഉടമകൾ ശ്രമിച്ചിരുന്നു. പിന്നീട് നിക്ഷേപകർ കോടതിയിലും പൊലീസിലും പരാതി നൽകിയപ്പോൾ ഉടമകൾ മുങ്ങി. ചെയർമാന്റ വീട് പൊലീസ് പൂട്ടി സീൽ ചെയ്തിട്ടുണ്ട്.
നഷ്‌ടം വന്നവരിൽ വനിതയും ഡോക്‌ടറും
ആലുവ സ്വദേശിയായ വനിത 30 വർഷം ഗൾഫിൽ ജോലി ചെയ്‌തു സമ്പാദിച്ച 1.40 കോടി രൂപ എം.സി.കെയിൽ നിക്ഷേപിച്ചിരുന്നു. ചെറിയ തുകകളാണ് ആദ്യം നിക്ഷേപിച്ചത്. വാഗ്ദാനം ചെയ്‌ത പലിശ കൃത്യമായി ലഭിച്ചതോടെ വിശ്വാസ്യത തോന്നിയാണ് കൂടുതൽ തുക പലതവണയായി നിക്ഷേപിച്ചതെന്ന് അവർ പറഞ്ഞു. ഒരുവർഷമായി തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഉടൻ നൽകാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. മകളുടെ വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി കരുതിയ തുക നഷ്‌ടമായതോടെ കടുത്ത പ്രതിസന്ധിയിലാണ് കുടുംബം.
കോതമംഗലത്തെ ഡോക്‌ടർ 90 ലക്ഷം രൂപയും മൂവാറ്റുപുഴയിലെ ഫാർമക്കോളജിസ്‌റ്റ് 6.1 ലക്ഷവും നിക്ഷേപിച്ചിരുന്നു. പരാതികൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
അഞ്ചു മുതൽ 40 ലക്ഷം രൂപ വരെ നിക്ഷേപിച്ചവർ മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, പാലാ, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലുണ്ട്. നിക്ഷേപിച്ച തുക പൂർണമായി ലഭിക്കാത്തവരും നിരവധിയാണ്. വൻതുക നിക്ഷേപിച്ചവർക്ക് ചെറിയ തുക നൽകി ആശ്വസിപ്പിച്ചശേഷമാണ് ഉടമകൾ മുങ്ങിയതെന്ന് നിക്ഷേപകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |