കൊച്ചി: കൊച്ചിയിൽ ബുധനാഴ്ച രാത്രിയിൽ പെയ്തത് ആസിഡ് മഴയാണെന്ന വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വിദഗ്ദ്ധർ. ആസിഡ് മഴ ആണെന്ന് തെളിയിക്കുന്ന യാതൊരു പഠനങ്ങളും നടത്തിയിട്ടില്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആസിഡ് മഴ പെയ്യാനുള്ള സാഹചര്യങ്ങളും വളരെ കുറവാണെന്നും കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. അബേഷ് രഘുവരൻ പറഞ്ഞു. നിരന്തരം മലിനീകരണം നടക്കുന്ന സ്ഥലങ്ങളിലാണ് ആസിഡ് മഴ പെയ്യാനുള്ള സാദ്ധ്യതയുള്ളത്. കൊച്ചിയിൽ അത്തരത്തിൽ നിരന്തര മലിനീകരണങ്ങൾ നടന്നിട്ടില്ല.
കൊച്ചിയിലെ വായു ഗുണനിലവാരം താത്കാലികമായി ഉയർന്നെങ്കിലും സ്ഥിരമായി അപകടകരമായ അവസ്ഥയില്ലാത്തതിനാൽ ആസിഡ് മഴയ്ക്കുള്ള സാഹചര്യമില്ല. നിലവിൽ തീപിടിത്തമുണ്ടായതുകൊണ്ട് അന്തരീക്ഷത്തിൽ ഡയോക്‌സിൻ, ഫുറാൻ, താലേറ്റ്‌സ് എന്നീ രാസപദാർത്ഥങ്ങളും ഉണ്ടാകാം. എന്നാൽ ഇതൊന്നും ആസിഡ് മഴയ്ക്കുള്ള കാരണങ്ങളല്ല. അന്തരീക്ഷത്തിൽ സൾഫർ ഡയോക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും അളവ് കൂടുമ്പോഴാണ് അമ്ല മഴ ഉണ്ടാവുന്നത്. ഇവ കലർന്നാൽ ലിറ്റ്മസ് ടെസ്റ്റ് വഴി ആസിഡ് മഴ ആണെന്ന് ഉറപ്പിക്കാനും കഴിയില്ല.
പുതുമഴയിൽ ആസിഡ് സാന്നിദ്ധ്യം
സ്വാഭാവികം
ആദ്യ വേനൽ മഴയിൽ സ്വാഭാവികമായി അന്തരീക്ഷത്തിലെ പൊടി പടലങ്ങളുമായും കാർബൺ ഡയോസൈഡുമായും ഒക്കെ ചേർന്നും മഴയിൽ നേരിയ അസിഡിക് അവസ്ഥ ഉണ്ടായേക്കാം. അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് മഴവെള്ളവുമായി ചേരുമ്പോൾ കാർബോണിക് ആസിഡ് ഉണ്ടാവും. ഈ സമയത്ത് മഴവെള്ളം ലിറ്റ്മസ് ടെസ്റ്റ് ചെയ്യുമ്പോൾ ആസിഡിന്റെ സാന്നിദ്ധ്യം കാണിക്കും.
മഴവെള്ളം ശുദ്ധമാണെങ്കിലും ഇതിന്റെ പി.എച്ച് വാല്യൂ അഞ്ചിനും ഏഴിനും ഇടയിലായിരിക്കും. പി.എച്ച് വാല്യു ഏഴിന് മുകളിലാണെങ്കിൽ ആൽക്കലിയും ഏഴിന് താഴെ ആണെങ്കിൽ അതിൽ അമ്ലത്വമാണ് ഉണ്ടാവുക. ഇന്നലെ പെയ്ത മഴയിൽ ഏഴിൽ നിന്ന് നേരിയ കുറവാണ് ലിറ്റ്മസ് ടെസ്റ്റിൽ കണ്ടത്. അത് അമ്ലമഴയാണെന്ന് കരുതേണ്ടതില്ല. സ്വാഭാവികമായ മഴ തന്നെയായിരുന്നു എന്നർത്ഥം. ഊഹാപോഹങ്ങൾ ഉപയോഗിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും ഡോ. അബേഷ് പറഞ്ഞു.
ആസിഡ് മഴ ആണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചു. ബുധനാഴ്ചത്തെ മഴയുടെ പരിശോധനകൾ ഒന്നും നടത്തിയിട്ടില്ല. ഇനി മഴ പെയ്യുകയാണെങ്കിൽ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |