കൊച്ചി: അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്അപ്പിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതികവിദ്യയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ആംബുലൻസ് ഒരുക്കിയത്.
ആംബുലസിനുള്ളിൽ എ.ബി.ജി, ഇ.സി.ജി, യു.എസ്.ജി പരിശോധനകൾ ഉൾപ്പെടെ നടത്താൻ കഴിയുന്ന വെർച്വൽ എമർജൻസി റൂമാണ് ഒരുക്കിയത്. ആംബുലൻസിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ രോഗിയുടെ പരിശോധനയും രോഗനിർണയവും നടത്താനാകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി. ആംബുലൻസ് ഉദ്ഘാടനം ചെയ്തു.
ആംബുലൻസിലെ ബയോമെഡിക്കൽ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചതാണ്. ഇവ വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറും. രോഗി ആശുപത്രിയിൽ എത്തുന്നതുവരെ ഡോക്ടർമാർ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ആംബുലൻസിലുള്ള ജൂനിയർ ഡോക്ടർമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യും.
ആംബുലൻസിൽ കിടക്കുന്ന രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ്, ആന്തരിക രക്തസ്രാവത്തിന്റെ ചിത്രങ്ങൾ, ഇ.സി.ജി, എന്നിവയെല്ലാം ആശുപത്രിയിലുള്ള കൺട്രോൾ റൂമിലേക്കും അതുവഴി വിദഗ്ധ ഡോക്ടറിലേക്കും എത്തിക്കാൻ ആംബുലൻസിന് കഴിയും. അതുവഴി ആംബുലൻസിലുള്ള ജൂനിയർ ഡോക്ടറിനും മറ്റ് ജീവനക്കാർക്കും കൃത്യമായ നിർദേശങ്ങളും സഹായങ്ങളും എത്തിക്കാം.
സ്മാർട്ട് ആംബുലൻസിൽ വാഹനത്തിന്റെ മദ്ധ്യത്തിലായാണ് രോഗിയെ കിടത്തുക. ചുറ്റും മെഡിക്കൽ ഉപകരണങ്ങളും ഡോക്ടർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്. ആശുപത്രിയിലെ കാഷ്വാലിറ്റി റൂമിന് സമാനമായ സൗകര്യങ്ങളാണ് ആംബുലൻസിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. ഹൃദയവും ശ്വാസകോശവും തകരാറിലാകുന്ന സാഹചര്യങ്ങളിൽ രക്തം ശുദ്ധീകരിച്ച് ഓക്‌സിജൻ എത്തിക്കുന്ന ജീവൻരക്ഷാ ഉപാധിയായ എക്‌മോയും (വെന്റിലേറ്ററിന്റെ ആധുനിക രൂപം) ആംബുലൻസിലുണ്ട്. ഒപ്പം കൂടുതൽ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ സഹായിക്കുന്ന ഐ.എ.ബി.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപകടങ്ങളിൽ പരിക്കേറ്റ ഒന്നിലധികം പേരെ ചികിത്സിക്കാനുള്ള ക്രാഷ് കാർട്ട് ഡോർ സൗകര്യവും സ്മാർട്ട് ആംബുലൻസിൽ ലഭ്യമാണെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിർ പറഞ്ഞു.
അത്യാഹിത ചികിത്സാ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ആംബുലൻസിന് കഴിയുമെന്ന് അപ്പോത്തിക്കരി മെഡിക്കൽ സർവീസസിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ടി.എ.നദീം ഷാ ഹംസത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |