കൊച്ചി: ''കുവൈറ്റിൽ ഭേദപ്പെട്ട ജോലികിട്ടുമല്ലോയെന്ന് കരുതിയാണ് അടുത്ത ബന്ധുക്കളെ പരിചയപ്പെടുത്തുകയും പണം വാങ്ങി ഏജന്റിന് കൈമാറുകയും ചെയ്തത്. സഹായം പൊലീസ് സ്റ്റേഷനിൽ കയറ്റുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പൊലീസിനെ സമീപിച്ചിട്ടും നീതി കിട്ടിയില്ല. ആത്മഹത്യയുടെ വക്കിലാണ്. മുഖ്യമന്ത്രിയിൽ മാത്രമാണ് പ്രതീക്ഷ."" ചേർത്തല സ്വദേശിനി സരിത നേരിട്ട ദുരിതം വിവരിക്കുമ്പോൾ മകളായ ദിത്യയും സുഹൃത്ത് ദയാനന്ദും ഒപ്പമുണ്ടായിരുന്നു.
10.35 ലക്ഷം രൂപയുടെ കടക്കാരാണ് നിർദ്ധനകുടുംബം. കുവൈറ്റിൽ ജോലിചെയ്യുന്ന ചേർത്തല സ്വദേശിനി സ്‌നേഹലത, കൊല്ലം അഞ്ചൽ സ്വദേശി സുധീഷ് എന്നിവർക്ക് എതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം. കുവൈറ്റിൽ ഹോട്ടൽ മേഖലയിലും മറ്റും തൊഴിലവസരമുണ്ടെന്ന് അറിയിച്ച് കഴിഞ്ഞവർഷം അവസാനമാണ് നാട്ടുകാരിയും കുവൈറ്റിലെ റിക്രൂട്ടിംഗ് ഏജന്റുമായ സ്‌നേഹലത സമീപിച്ചത്. മക്കൾക്ക് വിദേശത്തേയ്ക്ക് പോകാൻ താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും മറ്റാരെങ്കിലുമുണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു. മരുമകൾ ആർദ്ര, ഇവരുടെ സഹോദരി, ബന്ധുവായ സോണി, മറ്റൊരു യുവാവ് എന്നിവരെ ഏജന്റിന് പരിചയപ്പെടുത്തി. ഇവരുടെ വിസയുൾപ്പടെ ആവശ്യങ്ങൾക്കായി ഘട്ടംഘട്ടമായി ഒന്നര മുതൽ രണ്ടരലക്ഷം വീതം വാങ്ങി മകനാണ് സ്‌നേഹലതയ്ക്ക് കൈമാറിയത്.
ഒരാൾ ഇടയ്ക്ക് പിന്മാറി. മരുമകളും മറ്റു രണ്ടുപേരും കുവൈറ്റിലേക്ക് പോയി. ജോലിയിൽ പ്രവേശിക്കാൻ വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഏജന്റുമായി തർക്കമായി. സ്‌നേഹലയതയും സഹപ്രവർത്തകൻ സുധീഷും ഫോണിൽ ഭീഷണി തുടങ്ങി. പണം നൽകിയില്ലെങ്കിൽ മൂവർക്കും ജോലി നൽകില്ലെന്നായിരുന്നു ഭീഷണി. മാരാരിക്കുളം പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ ആദ്യംതയ്യറായില്ല. മോശം വാക്കുകൾ ചേർത്ത് മകളുടെയും മരുമകളുടെയും ഫോട്ടോകൾ ഇവർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സൈബർ സെല്ലിനെ സമീപിച്ച് ഒടുവിൽ ഫോട്ടോകൾ നീക്കിച്ചു.
സോണിക്ക് ജോലി നൽകി ഭാര്യയെക്കൊണ്ട് മക്കൾക്കെതിരെ ഞാറയ്ക്കൽ പൊലീസിൽ ജോലിതട്ടിപ്പിന് പരാതി കൊടുപ്പിക്കുകയാണ് ഇവർ ചെയ്തത്. മുൻകൂർ ജാമ്യം നേടിയെങ്കിലും മക്കളെ സ്റ്റേഷനിൽ മണിക്കൂറോളം പൊലീസ് ഇരുത്തി. ജോലിതട്ടിപ്പ് കേസിൽ അറസ്റ്റിലായെന്ന തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു. മകളും മകനും മാനസികമായി തളർന്നെന്നും നീതിക്കായി മുട്ടാത്ത വാതിലുകളില്ലെന്നും സരിത പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |