കോതമംഗലം: നേര്യമംഗലം ആർച്ച് പാലം നവതിയുടെ നിറവിൽ. പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ട് ഇന്ന് 90 വർഷമാകും. 1935 മാർച്ച് രണ്ടിന് തിരുവിതാംകൂർ മഹാരാജാവ് രാമവർമ്മ ശ്രീചിത്തിരതിരുന്നാളാണ് പാലം തുറന്നു കൊടുത്തത്.
ഏഷ്യയിലെ തന്നെ ആദ്യത്തെ ആർച്ച് പാലമാണിത്. പിന്നിടിങ്ങോട്ട് ഒൻപത് പതിറ്റാണ്ട് പിന്നിടുമ്പോഴും പാലത്തിന്റെ തലയെടുപ്പിന് ഒട്ടും കുറവില്ല. ഹൈറേഞ്ചിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി ഇപ്പോഴും ഈ പാലമാണ്.
വെള്ളപ്പൊക്കത്തിന്റെ സൃഷ്ടി
കേരള ചരിത്രത്തിന്റെ ഭാഗമായ 99 ലെ വെള്ളപ്പൊക്കത്തിന്റെ സൃഷ്ടിയാണ് നേര്യമംഗലം പാലം. കോതമംഗലം, കുട്ടമ്പുഴ, പൂയംകുട്ടി വഴിയുള്ള പഴയ ആലുവ - മൂന്നാർ രാജപാതയായിരുന്നു അന്നുവരെ നിലവിലുണ്ടായിരുന്നത്. 99 ലെ കാലവർഷ കെടുതിയിൽ ഈ റോഡ് തകർന്നു. മൂന്നാർ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളിലേക്ക് മറ്റൊരു യാത്രാപഥം ആവശ്യമായതോടെയാണ് നേര്യമംഗലം, അടിമാലി വഴിയുള്ള പുതിയ റോഡ് നിർമ്മിക്കാൻ ബ്രീട്ടിഷുകാർ നിർബന്ധിതരായത്. ആ റോഡിന്റെ ഭാഗമായി നേര്യമംഗലം പാലവും നിർമ്മിച്ചു.
സമാന്തര പാലം നിർമ്മാണത്തിൽ
അധികം വൈകാതെ പാലത്തിന് വിശ്രമകാലം വന്നുചേരും. പെരിയാറിന് കുറുകെ മറ്റൊരു പാലം നിർമ്മാണ ഘട്ടത്തിലാണ്. കാലപ്പഴക്കത്തിനൊപ്പം വാഹനപ്പെരുപ്പുവുമാണ് സമാന്തര പാലം എന്ന ആവശ്യം ഉയരാൻ കാരണം. കഴിഞ്ഞ വർഷം പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങി. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ 90 പതിറ്റാണ്ടിന്റെ ഓർമ്മകൾ പേറുന്ന ആർച്ച് പാലം സംരക്ഷിത സ്മാരകമായി മാറും.
നേര്യമംഗലം ആർച്ച് പാലം
214 മീറ്റർ നീളം
4.9 മീറ്റർ വീതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |