കൊച്ചി: വേനൽച്ചൂട് പെരുകിയതോടെ പൈനാപ്പിൾ കൃഷി സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിൽ. തണലൊരുക്കി പൈനാപ്പിൽ ചെടികളെ സംരക്ഷിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമം ഉൾപ്പെടെ കർഷകരെ വലയ്ക്കുന്നു. കൃഷി ചൂടിൽ കരിഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ കാർഷിക, വിപണന മേഖലയായ ജില്ലയിലെ കർഷകരാണ് നെട്ടോട്ടം ഓടുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ കൃഷിയും പ്രതിസന്ധി നേരിടുകയാണ്.
34 ഡിഗ്രി വരെ ചൂടാണ് പൈനാപ്പാപ്പിൾ ചെടികൾക്ക് താങ്ങാൻ കഴിയുന്നത്. 50 ഡിഗ്രിയും മറി കടന്ന ദിവസങ്ങളുണ്ട്. ഡിസംബറിൽ ആരംഭിച്ച ചൂട് ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂട് കൂടിയാൽ കൃഷിയെ സാരമായി ബാധിക്കും. കടുത്ത ചൂടിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ചെടികൾ വാടുകയാണ്. ഉത്പാദനം പകുതിയോളം കുറഞ്ഞു.
വേനൽച്ചൂട് നേരിടാൻ ചെടികൾ നനയ്‌ക്കണം. ഒരു ചെടിക്ക് 500 മില്ലീലിറ്റർ വെള്ളം കുറഞ്ഞത് വേണം. ചെടിയുടെ ചുവട്ടിലാണ് നനയ്‌ക്കേണ്ടത്. ഹോസുകൾ ഉപയോഗിച്ച് നനയ്ക്കുന്ന രീതിയാണ് പൊതുവെ സ്വീകരിക്കുന്നത്. മലഞ്ചെരുവുകളിലെ കൃഷിയിടങ്ങളിൽ വേണ്ടത്ര വെള്ളം ലഭിക്കാത്തതും കൃഷിയെ ബാധിക്കുന്നുണ്ട്.
ഓല വരണം, തമിഴ്നാട്ടിൽ നിന്ന്
ചെടികൾക്ക് തണലായി പന്തലൊരുക്കുന്ന രീതിയാണ് കർഷകർ സാധാരണ സ്വീകരിക്കുന്നത്. തെങ്ങോല മെടഞ്ഞും അല്ലാതെയും പന്തൽ പോലെയിട്ടാണ് തണൽ ഒരുക്കുക. ആവശ്യത്തിന് ഓലമടൽ കേരളത്തിൽ നിന്നു തന്നെ ലഭിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്ന് ഓലമടൽ എത്തിച്ച് തണൽ ഒരുക്കാൻ വലിയ ചെലവ് വരും.
ഹരിതവല ചെലവേറും
പ്ളാസ്റ്റിക് കൊണ്ടുള്ള ഹരിതവല ഉപയോഗിച്ച് തണൽ പന്തൽ ഇടുകയാണ് മറ്റൊരു മാർഗം. ഹരിതവലയ്ക്ക് ഓലമടലിനെക്കാൾ ചെലവേറും. പത്തടിക്ക് അഞ്ചു രൂപയോളം ചെലവാകും. ഇവ സ്ഥാപിക്കാനും കൂലിച്ചെലവും കൂടുതലാണ്. ഒരുതവണ ഉപയോഗിച്ച ഹരിതവല വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന ആശ്വാസവുമുണ്ട്. ഹരിതവല രീതി വ്യാപകമായി കർഷകർ ഉപയോഗിക്കുന്നുണ്ട്.
തൊഴിലാളികളെ കിട്ടാനില്ല
കൃഷിയിടങ്ങളുടെ പരിപാലനം ഉൾപ്പെടെ ചെയ്യാൻ തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിന്ധിയാണ്. മലയാളികളായ പണിക്കാർ കുറവാണ്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. അന്തരീക്ഷം മൂടി നിൽക്കുന്നതും കഠിനമായ ചൂടും താങ്ങാൻ വിഷമമുള്ളതിനാൽ അന്യംസ്ഥാന തൊഴിലാളികളും ഒഴിവാകുന്ന സ്ഥിതിയുണ്ട്. കൃഷിപ്പണികൾ ചെയ്യാനും പൈനാപ്പിൾ പറിച്ചെടുക്കാനും തൊഴിലാളിക്ഷാമമുണ്ടെന്ന് കർഷകർ പറഞ്ഞു.
ലാഭകരമായി ചെയ്യാവുന്നതും വില ഉറപ്പുള്ളതുമായ കൃഷിയാണ് പൈനാപ്പിൾ. ദിവസവും കൃഷിയിടങ്ങളിൽ ഓരോ കാര്യങ്ങളും നോക്കാൻ കർഷകന്റെ സാന്നിദ്ധ്യം ആവശ്യമാണ്. കൊടുംചൂട് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ബേബി ജോൺ
പ്രസിഡന്റ്
പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ
വില (ഇന്നലെ) രൂപ
ഗ്രീൻ സ്പെഷ്യൽ 50
ഗ്രീൻ 48
റൈപ്പ് 54
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |