* നരഹത്യാ ശ്രമത്തിന് കേസ്
കൊച്ചി: അമിതവേഗതയിൽ കാറോടിച്ച് ഗോവൻ യുവതിയേയും ബൈക്ക് യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ കേസിൽ ഡ്രൈവറെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂർ സ്വദേശി യാസിറാണ് (23) പിടിയിലായത്. ഇയാൾക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി ജെയ്സെൽ ഗോമസിന്റെ (35) മൊഴിയെടുത്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
ഞായറാഴ്ച വൈകിട്ട് കടവന്ത്ര മെട്രോസ്റ്റേഷന് സമീപത്തെ കലുങ്കിൽ വച്ചായിരുന്നു അപകടം. പള്ളിമുക്ക് ഭാഗത്തുനിന്ന് ബൈക്കിനെ അമിതവേഗതയിൽ പിന്തുടർന്ന കാർ കലുങ്കിലെത്തിയപ്പോൾ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചശേഷം കാൽനട യാത്രക്കാരിയായ ജെയ്സെലിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ പള്ളുരുത്തി സ്വദേശി സിജാസും ജെയ്സെലിന്റെ ഭർത്താവ് എസ്തേവാം ഫെറോവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ യാസിറിനെ തടഞ്ഞുനിറുത്തി കടവന്ത്ര പൊലീസിന് കൈമാറി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
സിജാസിന്റെ മൊഴിയെടുത്തശേഷം ഇന്നലെയാണ് കേസെടുത്തത്.
കാറിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധത്താലാണ് ബൈക്കിനെ അമിതവേഗതയിൽ പിന്തുടർന്നതെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കും.
യാസിറും രണ്ട് യുവതികളുമുൾപ്പെടെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. ജെയ്സെലിന്റെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റി. കൊച്ചിയിൽ സന്ദർശനത്തിനെത്തിയതായിരുന്നു ഗോവൻ ദമ്പതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |