കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്ഥാപന അടിസ്ഥാനത്തിലുള്ള ആന്റിബയോട്ടിക് പോളിസി നടപ്പാക്കിയ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറിയിട്ട് ആറു മാസം. പദ്ധതി വിജയത്തിലെത്തിച്ചതിന്റെ സംതൃപ്തിയിലാണ് അധികൃതർ.
അണുബാധയെ ചികിത്സിക്കാൻ ശരിയായ ആന്റിബയോട്ടിക് തിരഞ്ഞെടുക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന ബാക്ടീരിയകളുടെ റിപ്പോർട്ട് കാർഡായ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിയതിന്റെ തുടർച്ചയായാണ് പോളിസി.
ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ആന്റിമൈക്രോബിയൽ പ്രതിരോധം (ആന്റിബയോട്ടിക്കുകൾ ഫലിക്കാതെ വരുന്ന അവസ്ഥ) കുറയ്ക്കുന്നതിനും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
ഇതിലൂടെ രോഗികൾ ആന്റിബയോട്ടിക്കുകൾ വാങ്ങുന്നതിനും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ അമിതമായി എഴുതുന്നതിനും തടയിടാനായി.
ആന്റിബയോഗ്രാം
അണുബാധ മൂലമുള്ള രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരിലെ കാരണഹേതുവായ അണുവിനെ കണ്ടുപിടിച്ച് അതിനുള്ള മരുന്നുകൾ നേരത്തെ തയാറാക്കുന്ന രീതി. സൂക്ഷ്മാണുക്കളെ കണ്ടെത്തുന്നതിനും മനസിലാക്കുന്നതിനുമായി 2023-ൽ 5,000 പോസിറ്റീവ് ഐസൊലേറ്റുകളുടെ ഫലത്തെ അടിസ്ഥാനമാക്കി ആന്റിബയോഗ്രാം തയ്യാറാക്കിയത്. വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നയം രൂപപ്പെടുത്തിയത്.
നിരന്തര നിരീക്ഷണം
പോളിസി നടപ്പിൽ വന്ന അന്നു മുതൽ നിരന്തരമായ നിരീക്ഷണം ഉണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാതല ആന്റിബയോഗ്രാം തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശമുണ്ട്.
രോഗിക്ക് വളരെ വേഗത്തിൽ ഏത് ആന്റിബയോട്ടിക് നൽകണമെന്ന് തീരുമാനിക്കാൻ ആന്റിബയോട്ടിക് പോളിസി സഹായിക്കും.
ഡോ.ആർ. ഷഹീർ ഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |