കൊച്ചി: എൻജിനിയറിംഗ്, ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് തയ്യാറാക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പുതിയ മാർക്ക് സമീകരണ രീതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തതോടെ സർക്കാരിന്റെ 'ഇരട്ടലക്ഷ്യം' തകർന്നു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് കൂടുതൽ അവസരം നൽകുക, പൊതുവിദ്യാലയങ്ങളിലേക്ക് കേന്ദ്ര സിലബസുകാരെ ആകർഷിക്കുക എന്നിവയായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ദേശീയതലത്തിൽ നടക്കുന്ന മത്സരപ്പരീക്ഷകളിൽ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള കേന്ദ്ര സിലബസുകളിലെ വിദ്യാർത്ഥികളാണ് കൂടുതൽ ഉന്നത റാങ്കുകൾ നേടുന്നത്. കീം, നീറ്റ് എന്നിവയിലുൾപ്പെടെ പതിറ്റാണ്ടുകളായി കേന്ദ്ര സിലബസുകാരാണ് ആധിപത്യം പുലർത്തുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സിലബസിൽ പഠിക്കുന്നവർക്ക് ഉന്നതപഠനത്തിന് കൂടുതൽ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാർക്ക് സമീകരണം ഏർപ്പെടുത്തിയത്.
സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് പരീക്ഷയിൽ നൂറു ശതമാനം വരെ മാർക്ക് ലഭിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ, കേന്ദ്ര സിലബസിൽ 95 ശതമാനത്തിലേറെ മാർക്ക് നേടുന്നത് എളുപ്പമല്ല. പ്രവേശനപ്പരീക്ഷയുടെ മാർക്കും പ്ലസ് ടുമാർക്കും സമീകരിച്ചാണ് കീം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പുതിയ രീതി പ്രകാരം, കേന്ദ്ര സിലബസുകാരെക്കാൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് മുൻതൂക്കം ലഭിക്കുമായിരുന്നു. ഇത് വിവേചനപരമാണെന്നാണ് കേന്ദ്ര സിലബസ് വിദ്യാർത്ഥികളും സ്‌കൂൾ മാനേജ്‌മെന്റുകളും ആരോപിച്ചത്. ഡിവിഷൻ ബെഞ്ച് പുതിയ രീതി തള്ളിയതും സുപ്രീം കോടതി അപ്പീലിൽ ഇടപെടാൻ തയ്യാറാകാത്തതും തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണെന്ന് അവർ പറയുന്നു.
സി.ബി.എസ്.ഇയ്ക്ക് ആശ്വാസം
കേരള സിലബസുകാർക്ക് കീമിൽ പ്രാമുഖ്യം ലഭിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞ് കേന്ദ്ര സിലബസ് സ്‌കൂളുകളിൽ നിന്ന് പ്ലസ് വണ്ണിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായിക്കുമെന്നും സർക്കാർ കണക്കുകൂട്ടിയിരുന്നു. കീം, നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകൾ ലക്ഷ്യമിട്ട്, സി.ബി.എസ്.ഇയിൽ പത്താം ക്ലാസിന് ശേഷം കേരള സിലബസിൽ പ്ലസ് വണ്ണിൽ ചേരുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. 10 മുതൽ 20 ശതമാനം വരെ വിദ്യാർത്ഥികൾ പ്രതിവർഷം മാറുന്നുണ്ടെന്ന് സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകൾ പറയുന്നു. പുതിയ കീം രീതി നടപ്പായാൽ വീണ്ടും ഒഴുക്ക് വർദ്ധിക്കുമെന്ന ആശങ്കയിലായിരുന്ന മാനേജ്‌മെന്റുകൾക്ക് ആശ്വാസം പകരുന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സർക്കാരിന് തിരിച്ചടിയായത് ധൃതി
പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചശേഷം പ്രവേശന രീതിയിൽ മാറ്റം വരുത്താൻ സർക്കാർ കാണിച്ച ധൃതിയാണ് തിരിച്ചടിയായതെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നടപടികളിൽ മാറ്റം പ്രോസ്‌പെക്ടസിൽ വ്യവസ്ഥ ചെയ്തത് കോടതി അംഗീകരിക്കാതിരുന്നതും സർക്കാരിന് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |