കൊച്ചി: കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) കൊച്ചി സോണൽ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. എട്ടു കൊല്ലമായി തുടരുന്ന അന്വേഷണത്തിന് ഒടുവിലാണ് കടവന്ത്ര മെട്രോസ്റ്റേഷനും പനമ്പിള്ളി നഗർ ജംഗ്ഷനുമിടയിലുള്ള പുതിയ വിശാലമായ സ്വകാര്യകെട്ടിടത്തിലേക്ക് ഇ.ഡി പ്രവർത്തനം മാറ്റുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫർണിഷിംഗ് ജോലികൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങും.
നിലവിൽ എം.ജി റോഡിൽ ഷേണായീസിന് സമീപം മുല്ലശേരി കനാൽറോഡിലെ കാനൂസ്‌കാസിൽ കെട്ടിട സമുച്ചയത്തിലാണ് ഓഫീസ്.
സ്ഥലപരിമിതി പ്രശ്നമായി
കേരളത്തിന്റെ മൊത്തം ചുമതലയുള്ള സോണൽ ഓഫീസിന് കേസുകളും ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചതോടെ സ്ഥലസൗകര്യം തികയാതെയായി. ഇ.ഡി കേന്ദ്ര കാര്യാലയത്തിന്റെ അനുമതിയോടെ 2017 ഒക്ടോബറിൽ കൂടുതൽ സ്ഥലസൗകര്യമുള്ള വാടക കെട്ടിടത്തിന് ടെൻഡർ വിളിച്ചിരുന്നു. അനുയോജ്യമായ കെട്ടിടം കിട്ടാത്തതിനാൽ 2022 ഫെബ്രുവരിയിലും 2023 ഏപ്രിലിലും വീണ്ടും ടെൻഡർ വിളിച്ചു.
കൂടുതൽ സൗകര്യങ്ങൾ
സുരക്ഷാക്രമീകരണം, ഭൂഗർഭ വാഹനപാർക്കിംഗ് സൗകര്യം ഉൾപ്പെടെ കണക്കിലെടുത്താണ് കടവന്ത്ര ഭാഗത്ത് പുതിയ കെട്ടിടം വാടകയ്ക്കെടുത്ത്. മൂന്നു വർഷത്തേക്കാണ് കരാറെങ്കിലും അനുയോജ്യമാണെന്നു കണ്ടാൽ 8 ശതമാനം നിരക്ക് വർദ്ധനയോടെ പുതുക്കും. ഇ.ഡിയുടെ ചെന്നൈ റീജിയണലിന്റെ പരിധിയിൽപ്പെട്ട കൊച്ചി സോണൽ ഓഫീസിന് കീഴിലാണ് കോഴിക്കോട്ടെ സബ് സോണൽ ഓഫീസിന്റെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |