കോഴിക്കോട്: കോർപ്പറേഷനിലേക്ക് കോൺഗ്രസ് നിർത്തിയ മേയർ സ്ഥാനാർത്ഥി സംവിധായകൻ വി.എം വിനുവിന്റെ വോട്ട് വിഷയം കോടതിയും കൈവിട്ടതോടെ അങ്കലാപ്പിലായി കോൺഗ്രസ്. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിനുവിന്റെ ഹർജി ഹെെക്കോടതി തള്ളിയതാണ് കോൺഗ്രസിന് ഇരുട്ടടിയായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം ശേഷിക്കെ 'പ്ളാൻ ബി' നടപ്പാക്കേണ്ട സ്ഥിതിയിലായി കോൺഗ്രസ്. വിനുവിനെ സ്ഥാനാർത്ഥിയാക്കിയതിൽ കല്ലായി വാർഡിൽ അണികൾക്കിടയിലും മറ്റും മുറുമുറുപ്പുണ്ടായിരുന്നു. സിറ്റിംഗ് സീറ്റിൽ സർപ്രെെസ് സ്ഥാനാർത്ഥിയായാണ് വിനുവിനെ അവതരിപ്പിച്ചത്. വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചിരുന്നു.
വിനുവിന്റെ ഹർജി ഹെെക്കോടതി തള്ളുക മാത്രമല്ല, വിമർശിച്ചതും കോൺഗ്രസിന് ക്ഷീണമായി. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതെന്ന് കോടതി ചോദിച്ചു. കോൺഗ്രസ് ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് അണികളിലും യു.ഡി.എഫിലും അഭിപ്രായമുണ്ടായിരുന്നു. അതിനെ പ്രതിരോധിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
വിനുവിന്റെ വാർഡ് കൗൺസിലർ കെ.പി രാജേഷ്കുമാർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് കാണിച്ച് നേതൃത്വത്തിന് കത്ത് നൽകി. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നും മറ്റും തിരഞ്ഞെടുപ്പിന് ശേഷം വിട്ടുനിൽക്കുമെന്നാണ് കത്തിലുള്ളത്. തനിക്ക് സംഘടനാപരമായ ചുമതലകളൊന്നുമില്ലെന്ന് രാജേഷ് പറഞ്ഞു. അതേസമയം പാർട്ടിയിൽ നിന്ന് രാജിവെച്ചുവെന്ന പ്രചാരണം തെറ്റാണെന്നും പറഞ്ഞു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എം.വിനു വോട്ടു ചെയ്തുവെന്ന് പാർട്ടിയെയും വിനുവിനെയും രാജേഷ് തെറ്റിദ്ധരിപ്പിച്ചുവെന്ന് ആക്ഷേപമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നേതൃത്വം കത്തെഴുതി വാങ്ങിയെന്നും വിവരമുണ്ട്.
കല്ലായിയിൽ ശക്തനായ
സ്ഥാനാർത്ഥി വരും
കോഴിക്കോട്: കല്ലായിയിൽ വി.എം വിനുവിന് പകരം ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്ന്
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ. ഇക്കാര്യത്തിൽ കോൺഗ്രസിന് ഒരു ക്ഷീണവുമില്ല. കോർപ്പറേഷന്റെ ദുർഭരണത്തിന് എതിരെ നടത്തുന്ന പോരാട്ടത്തിന് ഒരു ശക്തിക്കുറവുമുണ്ടാകില്ല. കോടതിവിധിയെ മാനിക്കുന്നു. വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് ഒരു വി.എം വിനു മാത്രമല്ല. അനവധി വിനുമാരുണ്ട്. വോട്ടുചോർച്ചക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ല. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ല. കോഴിക്കോട് ജനിച്ചു വളർന്ന വി.എം വിനുവിന് വോട്ടുണ്ടാവില്ലെന്ന് സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. നഗരത്തിൽ താമസിക്കുന്ന വി.എം വിനുവിന്റെ വോട്ട് ഉൾപെടുത്തേണ്ട ഉത്തരവാദിത്വം ബി.എൽ.ഒമാർക്കുണ്ട്. ഉദ്യോഗസ്ഥ തലത്തിലും വീഴ്ചയുണ്ടായി. വി.എം വിനുവിന്റെ വോട്ട് പുനസ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത് ശരിയാണോ. നേതാക്കൾ കാണിച്ചത് ജനാധിപത്യ മര്യാദയല്ലെന്നും പ്രവീൺകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ കാര്യസമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ഡി.സി.സി ട്രഷറർ അഡ്വ.പി രാജേഷ്‌കുമാർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |