
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ വിജയം ആവർത്തിക്കൽ യു.ഡി.എഫിനും പിടിച്ചെടുക്കൽ എൽ.ഡി.എഫിനും നിർണായകമാണെങ്കിൽ അഭിമാനപ്പോരാട്ടം ട്വന്റി 20 പാർട്ടിക്കാണ്. അവർക്ക് രണ്ടു ഡിവിഷനുകൾ നിലനിറുത്തണം. മുഴുവൻ ഡിവിഷനിലും മത്സരിക്കുന്ന എൻ.ഡി.എയുടെ ലക്ഷ്യം കരുത്ത് വർദ്ധിപ്പിക്കലാണ്.
യു.ഡി.എഫിന്റെ കുത്തകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണം. 27ൽ 16 സീറ്റുമായാണ് കഴിഞ്ഞതവണ ഭരണം നിലനിറുത്തിയത്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായി ജില്ല നിൽക്കുന്നതാണ് നേതൃത്വത്തിന്റെ ആത്മവിശ്വാസവും കരുത്തും. ഇക്കുറിയും മറിച്ചൊരു വിധിയെഴുത്ത് സംഭവിക്കില്ലെന്ന പ്രതീക്ഷയിൽ ശക്തമായ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. നാമനിർദ്ദേശപത്രിക തള്ളിയതിനാൽ കടമക്കുടിയിൽ സ്ഥാനാർത്ഥി ഇല്ലാത്തത് നാണക്കേടാകുകയും ചെയ്‌തു.
യു.ഡി.എഫ് കോട്ടയെ ചുവപ്പിക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം. കഴിഞ്ഞ തവണ നേടിയ ഒമ്പത് സീറ്റിൽ നിന്ന് ഭൂരിപക്ഷത്തിലെത്തി ഭരണം പിടിക്കണം. ഇതു ലക്ഷ്യമിട്ടാണ് സ്ഥാനാർത്ഥി നിർണയമുൾപ്പെടെ എൽ.ഡി.എഫ് നടത്തിയത്. പ്രാദേശിക വിഷയങ്ങൾ മുതൽ രാഷ്ട്രീയം വരെ ചർച്ചയാക്കുന്നെങ്കിലും രണ്ട് പിണറായി വിജയൻ സർക്കാരുകളുടെ വികസന, ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം.
2000ൽ ഇരു മുന്നണികളെയും ഞെട്ടിച്ചാണ് വെങ്ങോല, കോലഞ്ചേരി ഡിവിഷനുകളിൽ ട്വന്റി 20 വിജയിച്ചത്. കോലഞ്ചേരിയിൽ ജയിച്ച ഉമ മഹേശ്വരി ട്വന്റി 20 വിട്ട് യു.ഡി.എഫിൽ ചേക്കേറിയതിനാൽ വിജയം അഭിമാനപ്രശ്നമാണ്. ഇരു ഡിവിഷനും പുറമെ പുത്തൻകുരിശിലും ഇക്കുറി ട്വന്റി 20 മത്സരിക്കുന്നു.
എൻ.ഡി.എ മുഴുവൻ സീറ്റിലും മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതാക്കൾ. കേന്ദ്ര സർക്കാർ പദ്ധതികളും വികസനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
ഒരു പുതിയ ഡിവിഷൻ
ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർദ്ധിച്ച് 28 ആയി. അത്താണിയാണ് പുതിയ ഡിവിഷൻ. നെടുമ്പാശേരിയുടെ ഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച അത്താണി വനിതാ ഡിവിഷനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. വൈസ് പ്രസിഡന്റ് വനിതാ സംവരണവുമാണ്.
നിലവിലെ സീറ്റുനില
യു.ഡി.എഫ് - 16
(കോൺഗ്രസ് 15
കേരള കോൺഗ്രസ് 1)
എൽ.ഡി.എഫ് -9
(സി.പി.എം 6
സി.പി.ഐ 3)
ട്വന്റി 20- 2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |