കൊച്ചി: ലൈംഗികപീഡനം നടത്തി ദൃശ്യം ചിത്രീകരിക്കാൻ ക്വട്ടേഷൻ. രാജ്യം ഇതുവരെ കേൾക്കാത്ത കുറ്റകൃത്യം. ഇതിന് വഴിതുറന്നത് നടൻ ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള അടുപ്പം അതിജീവിത പരസ്യമാക്കിയതിലെ കൊടുംപക. ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദമിതായിരുന്നു. എന്നാൽ ഇത് പപ്പടംപോലെ പൊടിയുന്ന കാഴ്ചയ്ക്കാണ് ഇന്നലെ വിചാരണക്കോടതി മുറി സാക്ഷിയായത്.
പ്രോസിക്യൂഷൻ വാദിച്ചത്
ദാമ്പത്യജീവിതം തകരാൻ നടിയാണ് കാരണക്കാരിയെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചു. 2012-ലെ ലണ്ടൻ യാത്രയ്ക്കിടെ ഇക്കാര്യം നടിയോട് ആരാഞ്ഞു. തെളിവുമായാണ് മഞ്ജു വന്നുകണ്ടുവെന്ന് നടി മറുപടി നൽകി. തന്നോട് കളിച്ചവരാരും മലയാള സിനിമയിൽ നിലനിന്നിട്ടില്ലെന്ന് ദിലീപ് ഭീഷണിപ്പെടുത്തി. ദിലീപിന്റെ ഫോണിൽ തുടർച്ചയായി പല നമ്പരുകളിൽ നിന്ന് മെസേജ് വരുന്നത് മഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയതോടെ ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കുമൊപ്പമായിരുന്നു നടിയെ മഞ്ജു നേരിൽക്കണ്ടത്. ഇക്കാര്യം മുന്നേ അറിയുന്ന നടി താരങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ദിലീപിന്റെ ഫോണിൽ രാമൻ, ആർ.യു.കെ അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകൾ സേവ് ചെയ്തിരുന്നത്. ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിലും ക്യാവയുടെ നമ്പർ 'ദിൽ കാ" എന്ന് സേവ് ചെയ്തിരുന്നു. കാവ്യയുമായി ബന്ധം മഞ്ജുവിനോട് പറഞ്ഞത് അറിഞ്ഞ ദിലീപ്, 'അമ്മ" ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിന് ശേഷമാണ് പൾസർ സുനിയുമായി ചേർന്ന് ക്വട്ടേഷന് ഗൂഢാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
സുനിയുടെ മൊഴിയും ഏശിയില്ല
2017 ജനുവരി മൂന്നിന് ഗോവയിൽ കുറ്റകൃത്യം നടത്താനായിരുന്നു പദ്ധതി. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടി ഗോവയിലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പദ്ധതി. ഗോവയിലും സുനിയായിരുന്നു നടിയുടെ ഡ്രൈവർ. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17ന് കൃത്യം നടപ്പാക്കിയത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പിന്നീട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |