കൊച്ചി: ജില്ലയിൽ 82 ഗ്രാമപഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 13 നഗരസഭകളും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 111തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് രാവിലെ മുതൽ വോട്ടെടുപ്പ് ആരംഭിക്കും. 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. 2220 വാർഡുകളിൽ 3021 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയിൽ പ്രശ്‌നബാധിതമായ 72 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗും സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടതും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളതുമായ 147 പോളിംഗ് സ്റ്റേഷനുകളിൽ വീഡിയോഗ്രാഫിയും നടത്തുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
വോട്ട് ചെയ്യുന്നതിന്റെ സ്വകാര്യത പൂർണമായും സംരക്ഷിച്ച് വോട്ട് ചെയ്യുവാൻ വരുന്നവരെ പോളിംഗ് സ്റ്റേഷനുകളുടെ പുറത്ത് മാത്രമായിരിക്കും ചിത്രീകരിക്കുക. പോളിംഗ് ബൂത്തിനുള്ളിൽ വീഡിയോ ചിത്രീകരണം അനുവദിക്കില്ല. ഇത്തരത്തിൽ ചിത്രീകരിക്കുന്ന വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം രഹസ്യമായി സൂക്ഷിക്കും. ഒരു കാരണവശാലും ഈ വീഡിയോകൾ സ്ഥാനാർഥികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ നല്കുന്നതല്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
26,67,746 വോട്ടർമാർ
പുരുഷന്മാർ: 12,79,170
സ്ത്രീകൾ : 13,88,544
മറ്റുള്ളവർ : 32
7374 സ്ഥാനാർത്ഥികൾ
പുരുഷന്മാർ: 3457
സ്ത്രീകൾ: 3917
ക്രമീകരണങ്ങൾ
7490 ബാലറ്റ് യൂണിറ്റുകളും 3036 കൺട്രോൾ യൂണിറ്റുകളും 14544 ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് നടത്തിപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.
അതിനുപുറമേ മറ്റു തിരഞ്ഞെടുപ്പ് ജോലികൾക്കായി ഏകദേശം പതിനായിരത്തോളം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ വോട്ടർമാരും തങ്ങളുടെ പോളിംഗ് ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം
ജി. പ്രിയങ്ക
ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |