
കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ വികസനത്തിൽ പുതിയ ചുവടുവയ്‌പ്പാണ് പോളിപ്രൊപ്പിലീൻ യൂണിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്ന പദ്ധതിയുടെ നിക്ഷേപം 5,500 കോടി രൂപയാണ്.
പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷ ഉത്പാദനശേഷി 400 കിലോ ടണ്ണാണ്. പാക്കേജിംഗ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഗാർഹിക ഉത്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന വസ്തുവാണ് പോളിപ്രൊപ്പിലീൻ. ഇന്ത്യയുടെ ആഭ്യന്തര പോളിമർ ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതും ഇറക്കുമതി കുറയ്ക്കുകയും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.
രണ്ട് ദേശീയപാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപ ചെലവഴിച്ച തലപ്പാടി-ചെങ്കള ആറുവരിപ്പാതയാണ് ആദ്യത്തേത്. 2,140 കോടി രൂപ ചെലവഴിച്ച വെങ്ങളം-രാമനാട്ടുകര ബൈപ്പാസാണ് രണ്ടാമത്തേത്.
പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയിൽ കേരളത്തിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഗ്രാമീണ, മലയോര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന റോഡുകളാണിവ.
അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിൽ പുനർവികസിപ്പിച്ച ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതീകരിച്ച ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽപ്പാത രാഷ്ട്രത്തിന് സമർപ്പിക്കും. റെയിൽപ്പാതയുടെ വൈദ്യുതവത്കരണം പൂർത്തിയാകുന്നതോടെ ഷൊർണൂരിൽ എൻജിൻ മാറ്റേണ്ടിവരുന്നത് ഒഴിവാകും. ഇതുവഴി കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമായ ട്രെയിൻ ഗതാഗതം സാദ്ധ്യമാകും.
കേരളവും തമിഴ്‌നാടും തമ്മിലുള്ള റെയിൽവേ ബന്ധം വർദ്ധിപ്പിക്കുന്ന പാലക്കാട് പൊള്ളാച്ചി പുതിയ ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. ദൈനംദിന യാത്രക്കാർ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന സർവീസാണിത്.
കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി ഇന്ത്യയുടെ ഹരിതോർജ ലക്ഷ്യത്തിന് സംഭാവനയാകുന്ന പദ്ധതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |