കൊച്ചി: ഭാമിനി ഭാസി പഞ്ചസാര കൊണ്ടുവന്നു, ഗിരിജ ഷാജിയും മേരി ജോർജും അരിയും കറിപ്പൊടികളും വാങ്ങി. എടവനക്കാട്ടെ ദുർഗ കുടുംബശ്രീ യൂണിറ്റിലെ പതിനാറംഗങ്ങൾ വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ ആവശ്യത്തിലും അല്പം കൂടുതൽ വാങ്ങിയതോടെ വാർഡിലെ അതിദരിദ്ര കുടുംബങ്ങളിലും അടുപ്പുപുകഞ്ഞു. ഇങ്ങനെ അധികം വാങ്ങുന്നവ ഒന്നിച്ചു ചേർത്ത് കിറ്റുകളാക്കി ദരിദ്ര കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ പേര് 'അൻപോട് കുടുംബശ്രീ'.
കുടുംബശ്രീ എ.ഡി.എസിന്റെ മേൽനോട്ടത്തിൽ എടവനക്കാട്ടെ അതിദരിദ്രരുടെ പട്ടിണിയകറ്റാൻ ആരംഭിച്ച കാരുണ്യ ദൗത്യം കുടുംബശ്രീ രജത ജൂബിലിയുടെ ഭാഗമായി കേരളമാകെ വ്യാപിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നതിന്റെ ആഹ്ലാദത്തിലാണ് ദുർഗ കുടുംബശ്രീ അംഗങ്ങൾ.
കഴിഞ്ഞ വർഷം നവംബറിലാണ് സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. ആശ്രയ പദ്ധതിവഴിയുള്ള സഹായം മുടങ്ങിയതോടെ ഓരോ അംഗവും ഒരു നിത്യോപയോഗ സാധനം വീതം അധികമായി വാങ്ങി സ്വരുക്കൂട്ടി അർഹരായവർക്ക് നൽകാമെന്ന് തീരുമാനിച്ചു. 240 അതിദരിദ്രർ എടവനക്കാട് പഞ്ചായത്തിലുണ്ട്. ഒരു വാർഡിന്റെ ചുമതല ദുർഗ കുടുംബശ്രീ ഏറ്റെടുത്തതിനു പിന്നാലെ, പ്രദേശത്തെ മറ്റു കുടുംബശ്രീകളും മുന്നോട്ടുവന്നു.
രജത ജൂബിലി ആഘോഷത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള യൂണിറ്റ് സന്ദർശനത്തിനിടെ ഈ ദൗത്യം ജില്ലാമിഷൻ കോഓർഡിനേറ്ററുടെ ശ്രദ്ധയിൽപ്പെട്ടു. ജില്ലാതലത്തിലേക്കും പിന്നീട് സംസ്ഥാനതലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഇതോടെ വഴിയൊരുങ്ങി.
അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി വിപുലീകരിക്കുന്നത്. 64000 അതിദരിദ്രർക്ക് ഇതിന്റെ ഗുണം ലഭിക്കും.
.....................................
64000
അതിദരിദ്രർക്ക് സംസ്ഥാനതലത്തിൽ
പദ്ധതി വ്യാപിപ്പിക്കുന്നതോടെ
64000
ഇതിന്റെ ഗുണം ലഭിക്കും.
..........................................
കേരളമാകെ ചുവട്
രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ സംഗമം 'ചുവട് 2023" കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തി. 45ലക്ഷം കുടുംബശ്രീ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. മേയ് 17ന് പൂർത്തിയാകും വിധത്തിലുള്ള വിവിധ കർമ്മപദ്ധതികൾക്കും കുടുംബശ്രീ തുടക്കമിട്ടു.
പുതിയ പദ്ധതികൾ
• ബി പോസിറ്രീവ്- രക്തദാനം
• ഒരു അയൽക്കൂട്ടം ഒരു നന്മ
• അൻപോട് കുടുംബശ്രീ
• ഇൻസ്പെയർ
• ഞാനും എന്റെ ഹരിതകർമ്മ സേനയും
....................................
എടവനക്കാട് ദുർഗ കുടുംബശ്രീ യൂണിറ്റ് ആവിഷ്കരിച്ച പദ്ധതിയാണ് അൻപോട് കുടുംബശ്രീക്ക് മാതൃകയായത്.
എം.ബി. പ്രീതി, ജില്ലാമിഷൻ കോ ഓർഡിനേറ്റർ,
കുടുംബശ്രീ, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |