കണ്ണൂർ: കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം പൊതുശ്മശാനത്ത് സംസ്കരിച്ച ലൈസാമ്മയുടെ ചിതാഭസ്മം ഇനി ബന്ധുക്കളുടെ ഓർമ്മകൾക്ക് കൂട്ടായി ഉണ്ടാവുക രാജ്യത്ത് ആദ്യമായി നിർമ്മിച്ച 'ആഷ് സെമിത്തേരി'യിൽ. കത്തോലിക്ക സഭയുടെ കീഴിലുള്ള കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലാണ് പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നവരുടെ ചിതാഭസ്മം സൂക്ഷിക്കാനായി മാത്രം 'ഓർമ്മച്ചെപ്പ്' എന്നപേരിൽ സെമിത്തേരി നിർമ്മിച്ചത്. പ്രത്യേക അറകളായാണ് ഇതിന്റെ നിർമ്മാണം. അതിലൊന്നിലാണ് ആദ്യമായി മേലെചൊവ്വ കട്ടക്കയം സ്വദേശി ലൈസാമ്മയുടെ ചിതാഭസ്മം സൂക്ഷിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ആഷ് സെമിത്തേരികൾ വ്യാപകമാണെങ്കിലും രാജ്യത്ത് ആദ്യമാണ്.
കല്ലറയിൽ അടക്കം ചെയ്യുന്ന പരമ്പരാഗത ക്രിസ്തീയ രീതി ഒഴിവാക്കി തന്റെ മൃതദേഹം പൊതു ശ്മശാനത്ത് സംസ്കരിക്കണമെന്നത് ലൈസാമ്മയുടെ ആഗ്രഹമായിരുന്നു. അത് നിറവേറ്റിയതിനൊപ്പമാണ് ആഷ് സെമിത്തേരിയിൽ മറ്റൊരു ചരിത്രത്തിനുകൂടി നിയോഗമായത്. ഫെബ്രുവരി നാലിനാണ് ലൈസാമ്മ മരിച്ചത്. ഉത്തരമലബാറിൽ കത്തോലിക്ക സഭയിൽ ആദ്യമായി ശ്മശാനത്തിൽ ദഹിപ്പിക്കുന്നത് ലൈസാമ്മയെയാണ്. കല്ലറയിൽ അടക്കുന്നതിനു പകരം ചിതയിൽ ദഹിപ്പിക്കാമെന്ന് കത്തോലിക്ക സഭയും തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അത് വ്യാപകമായിട്ടില്ല.
പൊതുശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ലൈസാമ്മയുടെ മരണാനന്തര ചടങ്ങ് പള്ളിയിലാണ് നടത്തിയത്. തുടർന്നാണ് ചിതാഭസ്മം ആഷ് സെമിത്തേരിയിലേക്ക് മാറ്റിയത്. ഇവിടെ ബന്ധുക്കൾക്ക് മെഴുകുതിരി തെളിക്കാനും പ്രാർത്ഥിക്കാനും സൗകര്യമുണ്ട്. തന്റെ മരണശേഷം മൃതദേഹം ശ്മശാനത്തിൽ സംസ്കരിക്കണമെന്നാണ് ലൈസാമ്മയുടെ ഭർത്താവ് സെബാസ്റ്ര്യന്റെയും ആഗ്രഹം.
''പൊതു ശ്മശാനത്തിൽ ദഹിപ്പിക്കുന്നവരുടെ ചിതാഭസ്മം സൂക്ഷിക്കാനാണ് ആഷ് സെമിത്തേരി സ്ഥാപിച്ചത്. പ്രത്യേകം സജ്ജമാക്കിയ അറകളിൽ ഇവ സൂക്ഷിക്കാം.
ഫാ. തോമസ് കുളങ്ങായി ,
ഇടവക വികാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |