കണ്ണൂർ: ഇന്ത്യൻ കേക്കിന്റെ നൂറ്റിനാൽപ്പതാം പിറന്നാൾ ആഘോഷത്തിനൊപ്പം മധുരിക്കുന്ന മറ്റൊരു ചരിത്രത്തിന് വേദിയൊരുക്കാൻ മമ്പള്ളി ബേക്കറിയുടെ ഇളമുറക്കാൻ ഒരുങ്ങുന്നു. കണ്ണൂരിലെ ബ്രൗണീസ് ബേക്കറിയും കോഴിക്കോട്ടെ കൊച്ചിൻ ബേക്കറിയും ചേർന്ന്, 26, 27 തീയതികളിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ 700 അടി നീളമുള്ള ബ്രൗണി കേക്ക് നിർമ്മിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ 75 വർഷത്തെ ചരിത്രവും സ്ത്രീശാക്തീകരണവും ഉൾക്കൊള്ളിച്ചാണ് പുതിയ കേക്ക് ഷോ നടത്തുന്നത്.
കേക്ക് വിദേശിയാണ്. എന്നാൽ ഇന്ത്യയിൽ തന്നെ കേക്കിന്റെ ജനനം തലശ്ശേരിയിലാണ്. തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പുവാണ് ഇന്ത്യയിൽ ആദ്യമായി കേക്കുണ്ടാക്കിയത്. 1880ലാണ് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു തലശ്ശേരിയിൽ മമ്പള്ളി റോയൽ ബിസ്‌കറ്റ്‌സ് ഫാക്ടറി സ്ഥാപിച്ചത്. ഈ ബേക്കറിയിലാണ് ഇന്ത്യൻ കേക്കിന്റെ പിറവി. എന്നാൽ അദ്ദേഹം കേക്കുണ്ടാക്കാൻ കാരണം ഒരു സായിപ്പുമാണ്.
26ന് രാവിലെ 10ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള കേക്ക് ഷോ ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ബേക്കറി ഡയറക്ടർ എം.പി. രമേശ് ആമുഖ ഭാഷണം നടത്തും.
മധുരം പകർന്നത് ബ്രൗൺ സായ്പ്പ്
മമ്പള്ളി ബേക്കറിയെ ഇതിലേക്ക് നയിച്ചത് അഞ്ചരക്കണ്ടിയിൽ തോട്ടമുണ്ടായിരുന്ന ബ്രൗൺ സായിപ്പാണ്. 1883ലെ ഒരു ദിവസം മമ്പള്ളിയുടെ തലശ്ശേരിയിലെ ബേക്കറിയിലെത്തിയ അദ്ദേഹം നാട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു കഷണം കേക്ക് നൽകി അതുപോലെ ഒരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. സായിപ്പ് നൽകിയപ്പോഴാണ് മമ്പള്ളി ബാപ്പു ആദ്യമായി കേക്ക് കാണുന്നത് തന്നെ.
സായിപ്പ് തന്നെ കേക്ക് ഉണ്ടാക്കുന്നവിധം ബാപ്പുവിന് പറഞ്ഞു കൊടുത്തു. പിന്നീട് ബേക്കറിക്ക് മുന്നിലെത്തിയ ബ്രൗൺ സായിപ്പിനോട് മമ്പള്ളി ബാപ്പു നെഞ്ചുവിരിച്ചു നിന്ന് 'കേക്ക് റെഡി സായിപ്പേ' എന്ന് പറഞ്ഞത് ഒരു വെല്ലുവിളിയുടെ മറുപടിയെന്നോണമായിരുന്നു. ഉടൻ ബേക്കറിയിൽ കയറിയ സായിപ്പ് കേക്ക് രുചിച്ചുനോക്കി. 'എക്‌സലന്റ്' എന്നായിരുന്നു സായിപ്പിന്റെ മറുപടി.
അങ്ങനെ 1883 ഡിസംബർ 23ന് ബാപ്പു ഇന്ത്യയിൽ ആദ്യമായി തലശ്ശേരിയിൽ ക്രിസ്മസ് കേക്കുണ്ടാക്കി. ഇത് നന്നായി ഇഷ്ടപ്പെട്ട സായിപ്പ് വേറെ ഒരു ഡസൻ കേക്കിന് കൂടി ഓർഡർ നൽകിയെന്നതും തലശ്ശേരിയുടെ കേക്ക് ചരിത്രം. അതിനു ശേഷം മമ്പള്ളി കുടുംബത്തിലെ പിന്മുറക്കാർ അകത്തും പുറത്തും ബേക്കറി ബിസിനസ്സ് നടത്തിവരികയാണ്.
പുതുതലമുറയുടെ നേതൃത്വത്തിൽ പുതിയ മധുര ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ കേക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടാനുള്ള ഒരു പരിശ്രമം കൂടിയാണ്.
എം.കെ. രഞ്ജിത്ത്, ബ്രൗണീസ് ബേക്കറി, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |